മതിലകം: ആരോഗ്യപരിപാലന രംഗത്ത് സംസ്ഥാനം നേടിയ മുന്നേറ്റം അഭിമാനകരമാണെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ പകർച്ചവ്യാധികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ നാം കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി കെ.രാധാകൃഷ്ണൻ. കായകൽപ്പം സംസ്ഥാന പുരസ്‌കാരം നേടിയ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെയും ജില്ലാ തലത്തിൽ ഒന്നാമതെത്തിയ മാടവന കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യ പ്രവർത്തകരെ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മങ്കി പോക്‌സ് ഉൾപ്പെടെയുള്ള പുതിയതരം വൈറസുകൾക്കെതിരായ പ്രവർത്തനത്തിൽ കക്ഷി രാഷ്ട്രീയത്തിനുമപ്പുറം ജനങ്ങൾ ഒന്നായി ആരോഗ്യ പ്രവർത്തകരോടൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്.മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി.കെ.ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മഞ്ജുള അരുണൻ, സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.അബീദലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്.സലീഷ്, വത്സമ്മ ടീച്ചർ, ഷീജ ബാബു, കെ.എ. ഹഫ്‌സൽ, വി.എസ്. ജിനേഷ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർമാരായ എം.കെ.ഫൽഗുണൻ, നൗമി പ്രസാദ്, കെ.എ.കരീം, മിനി ഷാജി, അഡ്വ.മോനിഷ ലിജിൻ, നൗഷാദ് കറുകപ്പാടത്ത് തുടങ്ങിയവർ സന്നിഹിതരായി.