കൊടുങ്ങല്ലൂർ: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ജില്ലാ ഘടകം തണൽ സ്‌നേഹ ഭവന പദ്ധതിയുടെ ഭാഗമായി പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലെ നിർദ്ധനയായ വിദ്യാർത്ഥിനിക്ക് നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. വിദ്യാർത്ഥിയുടെ മാതാവായ ദീപ മന്ത്രിയിൽ നിന്നും വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. ജില്ലയിലെ എൻ.എസ്.എസ് വളണ്ടിയർമാർ നടത്തിയ ബിരിയാണി ചലഞ്ച്, സ്‌ക്രാപ്പ് ചലഞ്ച്, കോയിൻ ചലഞ്ച്, സുമനസുകൾ നൽകിയ സംഭാവന എന്നിവയിലൂടെ സ്വരൂപിച്ച പണം വിനിയോഗിച്ചാണ് ജില്ലാ ഘടകം മൂന്നാമത്തെ നിർമ്മിച്ചത്. അഡ്വ. വി.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, എച്ച്.എസ്.എസ് അക്കാഡമിക് കോ- ഓർഡിനേറ്റർ പി.എം. കരീം തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഘടകം കൺവീനർ എം.വി. പ്രതീഷ് പദ്ധതി വിശദീകരണം നടത്തി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. മുകേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനപ്രതിനിധികളായ ഷറഫുദ്ദീൻ, സുജന ബാബു, മാനേജർ ലോലിത ടീച്ചർ, ഇ.ആർ. രേഖ, തോമസ് മാസ്റ്റർ, ശ്രീലത തുടങ്ങിയവർ സംസാരിച്ചു.