
തൃശൂർ: നിറഞ്ഞ ചിരിയോടെ, പഴങ്ങൾ പകുത്തു നൽകിയും പാട്ട് പാടി കൈയടി നേടിയും ദേശീയ പുരസ്‌കാരജേതാവ് നഞ്ചിയമ്മ സമർപ്പണയുടെ രാമായണഫെസ്റ്റിൽ താരമായി. മാർ അപ്രേം, അക്കീരമൺ ഭട്ടതിരിപ്പാട്, എ.എൻ.രാധാകൃഷ്ണൻ എന്നിവരെല്ലാം നഞ്ചിയമ്മ സ്‌നേഹത്തോടെ ഊട്ടിയ പഴങ്ങളുടെ രുചിയറിഞ്ഞു. അങ്ങനെയാണ് ചടങ്ങിൽ ശബരി സത്കാരം തുടങ്ങിയത്. പ്രായത്തിന്റെ അവശതകൾ അവഗണിച്ച് പുരസ്‌കാരദാനത്തിനെത്തിയ പ്രൊഫ.എം.കെ.സാനുവിന് താമരവെള്ളച്ചാൽ കോളനിയിലെ മുതിർന്ന അംഗം ഓമന പഴങ്ങൾ സമ്മാനിച്ചു. സംസാരിച്ചും പാട്ടുപാടിയും ശബ്ദം ഇല്ലാതായെന്ന് നഞ്ചിയമ്മ പറഞ്ഞപ്പോൾ, അക്കീരമൺ ഭട്ടതിരിപ്പാടാണ് പാട്ട് പാടണമെന്ന് നിർബന്ധിച്ചത്. തെറ്റുണ്ടായാൽ ക്ഷമിക്കണമെന്ന് പറഞ്ഞ് അവർ 'കലക്കാത്ത' പാട്ട് പാടി. എല്ലാവരും കൈയടിച്ചു. രാമായണഫെസ്റ്റിന്റെ ഭാഗമായുള്ള വാത്മീകി പുരസ്‌കാരം കവി മധുസൂദനൻ നായർക്ക് പ്രൊഫ.എം.കെ.സാനു സമ്മാനിച്ചു. എഴുത്തച്ഛൻ തന്റെ മാന്ത്രികശക്തികൊണ്ട് വിശിഷ്ടഗാനമാക്കിയതാണ് അദ്ധ്യാത്മ രാമായണമെന്ന് പ്രൊഫ.എം.കെ.സാനു പറഞ്ഞു. ശബരി സത്കാരം പുണ്യമാണെന്ന് കവി മധുസൂദൻ നായർ പറഞ്ഞു. സംഗീത സംവിധായകൻ വിദ്യാധരനെയും നഞ്ചിയമ്മയെയും ആദരിച്ചു. വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷനായി. അട്ടപ്പാടി ഊരുമൂപ്പൻ പളനിസ്വാമി, അഡ്വ.സജി നാരായണൻ, എം.പി.സുരേന്ദ്രൻ, ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ, ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ചെയർമാൻ കെ.കിട്ടു നായർ, മുരളി കോളങ്ങാട്, കെ.തിലകൻ എന്നിവർ പ്രസംഗിച്ചു.