മതിലകം: മതിലകം പഞ്ചായത്ത് സെന്റ് ജോസഫ് സ്‌കൂളിൽ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിൽ എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. എ.ഐ.വൈ.എഫ് പ്രവർത്തകർ ക്യാമ്പിലേക്കെത്തിച്ച പ്രദേശവാസികൾ മഴക്കെടുതിയിൽപെട്ടവരല്ലെന്ന ഡി.വൈ.എഫ്.ഐ വാദമാണ് തർക്കത്തിനിടയാക്കിയത്.

തുടർന്ന് വില്ലേജ് അസിസ്റ്റന്റ് അവർ താമസിക്കുന്ന സ്ഥലം സന്ദർശിച്ച് ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും തർക്കം കൈയാങ്കളിയിലെത്തി. തുടർന്ന് പൊലീസെത്തിയാണ് ഇവരെ ക്യാമ്പിൽ നിന്ന് നീക്കിയത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇന്നലെ ഇരുവിഭാഗവും പരാതിയുമായി രംഗത്തെത്തിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ദുരിതാശ്വാസ ക്യാമ്പിനെ കക്ഷി രാഷ്ട്രീയത്തിന്റെ വേദിയാക്കി ദുരിതജീവിതങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സജയ് വയനപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രെട്ടറിമാരായ സി.സി.ബാബുരാജ്, പി.എം.എ.ജബ്ബാർ, കെ.എഫ്.ഡോമിനിക്ക്, സി.എസ്.രവീന്ദ്രൻ, സുരേഷ് കൊച്ചുവീട്ടിൽ, കെ.വി.ചന്ദ്രൻ, സുനിൽ പി.മേനോൻ, എം.യു.ഉമറുൽ ഫാറൂക്ക്, പി.പി.സലിം, കെ.കെ.രാജേന്ദ്രൻ, സി.ജെ.ജോഷി, പി.എ.അനസ് തുടങ്ങിയവർ സംസാരിച്ചു.