നടത്തറ: ഓട്ടോ സ്റ്റാൻഡിൽ മൂത്രം ഒഴിച്ചതിനെച്ചൊല്ലിയുണ്ടായ പൂച്ചെട്ടിയിലെ സി.പി.എം-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് ഒല്ലൂർ പൊലീസ് 16 പേർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. 11 സി.പി.എം പ്രവർത്തകർക്കും 5 യുവമോർച്ച പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. നിസാര സംഭവത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം പൂച്ചെട്ടിയിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. ശനിയാഴ്ച പൂച്ചെട്ടി സെന്ററിലെ ചായക്കടയിലേക്ക് പന്നിപ്പടക്കമെറിഞ്ഞ് കടയുടമയേയും മകനേയും സുഹൃത്തിനേയും ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ചതോടെയാണ് അക്രമങ്ങൾ പ്രകടമായത്. ഇതിന്റെ തുടർച്ചയെന്നോണം നടത്തറ ഐക്യനഗറിലെ ബി.ജെ.പി പ്രവർത്തന്റെ വീട്ടിലെത്തിയ സി.പി.എം പ്രവർത്തകർ വീട്ടിലുണ്ടായിരുന്ന യുവാവിന്റെ തല ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിപ്രകാരം. വെള്ളിയാഴ്ച രാത്രി പൂച്ചെട്ടിയിലെ ഓട്ടോ സ്റ്റാൻഡിൽ മദ്യപിച്ച് മൂത്രമൊഴിക്കുകയായിരുന്ന യുവമോർച്ച പ്രവർത്തകരായ ശരത്, ഹരി എന്നിവരെ ഓട്ടോഡ്രൈവർമാരായ സമീപവാസികൾ ചോദ്യം ചെയ്യുകയും പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഇരുകൂട്ടരും തമ്മിൽ പ്രശ്‌നം രമ്യതയിൽ എത്തിയെങ്കിലും ശനിയാഴ്ച രാത്രിയിൽ ശരത്തും ഹരിയും മറ്റ് മൂന്ന് പേരുമെത്തി പുച്ചെട്ടി സെന്ററിലെ കടയിലേക്ക് പടക്കം എറിയുകയും ഉടമസ്ഥനായ സുനി, മകനായ വിഷ്ണു, സനൂപ് എന്നിവരെ കമ്പി വടികൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ 11 സി.പി.എം പ്രവർത്തകർ നടത്തറ ഐക്യനഗറിലെ ബി.ജെ.പി പ്രവർത്തകരായ അഖിൽ, സുബിൻ എന്നിവരെ വീട്ടിലെത്തി ഇരുമ്പുവടികൊണ്ട് മർദ്ദിക്കുകയായിരുന്നു. ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ കനത്ത പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.