1

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളുമായി ബി.ജെ.പി. 9 മുതൽ 12 വരെ എല്ലാ വീടുകളിലും സമ്പർക്കം നടത്തും. ഇതിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്ത് ദേശീയ പതാക കൈമാറും. ദേശീയ സ്മാരകങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനവും നടക്കും. യുവമോർച്ചയുടെ നേതൃത്വത്തിൽ 11ന് തിരംഗയാത്ര നടത്തും.

വടക്കാഞ്ചേരി, കുന്നംകുളം, കാഞ്ഞാണി, ഇരിങ്ങാലക്കുട, പുതുക്കാട്, മണ്ണുത്തി എന്നിവിടങ്ങളിൽ നിന്ന് ത്രിവർണ പതാകയുമായി ആരംഭിക്കുന്ന ബൈക്ക് റാലികൾ അയ്യന്തോൾ അമർജവാൻ ജ്യോതിയിൽ സംഗമിച്ച് മഹായാത്രയായി സ്വരാജ് റൗണ്ട് ചുറ്റി തെക്കെഗോപുരനടയിൽ സമാപിക്കും. തിരംഗ യാത്രയും പൊതുസമ്മേളനവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ തിരംഗറാലികൾ നടത്തും. 15 ന് പൊതുസ്ഥലങ്ങളിൽ ദേശീയ പതാകയുയർത്തി മധുരം വിതരണം ചെയ്യും. നഗരത്തിൽ നടക്കുന്ന തിരംഗ റാലിയിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ അറിയിച്ചു.