പാവറട്ടി: പ്രവാസികൾ ചെല്ലുന്നയിടങ്ങളിലെ സംസ്‌കാരവുമായി ഇഴുകിച്ചേരാനുള്ള കഴിവും പൊതുബോധവുമാണ് ഗൾഫ് നാടുകളിലുൾപ്പടെയുള്ള മലയാളികളെ അവിടത്തുകാർക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയതിൽ പ്രധാന കാരണമെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തുന്നവരെ പുനരധിവസിപ്പിക്കാൻ എല്ലാതലത്തിലുള്ള ശ്രമങ്ങളും സർക്കാറിന്റെ ഭാഗത്ത് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘം മണലൂർ ഏരിയ കമ്മിറ്റി മുല്ലശ്ശേരിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല പ്രവാസികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. അഷറഫ് ഹാജി, സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, അഹമ്മദ് മുല്ല, എ.കെ. ഹുസൈൻ, പി.എ. രമേശൻ, വി.എൻ. സുർജിത്ത്, വി.ജി. സുബ്രഹ്മണ്യൻ, കെ.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.