 
ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിന്റെ വിവിധ കലാപുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പാനയോഗത്തിന്റെ 20-ാം വാർഷിക ഭാഗമായി ഗോപി വെളിച്ചപ്പാടിന്റെ സ്മരണക്കായി തെച്ചിയിൽ ഷൺമുഖനും കല്ലൂർ ശങ്കരന്റെ സ്മരണാർത്ഥം കുരഞ്ഞിയൂർ മണിക്കുമാണ് വാദ്യ പുരസ്‌കാരം നൽകിയത്. ചങ്കത്ത് ബാലൻ നായർ, എടവന മുരളീധരൻ എന്നിവരുടെ പേരിലുള്ള പ്രഥമ പുരസ്‌കാരങ്ങൾ പിതൃതർപ്പണാചാര്യൻ രാമകൃഷ്ണൻ ഇളയതിനും കളംപാട്ട് ആശാൻ മണികണ്ഠൻ കല്ലാറ്റിനും നൽകി. കൃഷ്ണനാട്ടം ആശാൻ കെ. നാരായണൻ നായർക്ക് അകമ്പടി രാധാകൃഷ്ണൻ നായർ സ്മാരക പുരസ്‌കാരം സമ്മാനിച്ചു. കോമത്ത് അമ്മിണിയമ്മയുടെ പേരിൽ കാരുണ്യ പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം പാലിയത്ത് വസന്തമണിക്കായിരുന്നു. ഗുരുവായൂർ രുക്മിണി റീജൻസിയിൽ നടന്ന വാദ്യപ്രതിഭകളടക്കം വിവിധ മേഖലകളിലെ കലാകാരൻമാരുടെ സംഗമ സദസ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വളരെക്കാലം മുതലേ പാനയോഗത്തിലൂടെ കലാകാരൻമാരെയെല്ലാം ഒന്നിപ്പിച്ച ഒരു സംസ്‌കൃതിയുടെ തുടർച്ചയാണിതെന്ന് ആലങ്കോട് പറഞ്ഞു. വിവിധ മേഖലകളിൽ തിളങ്ങിയ ശിൽപി എളവള്ളി നന്ദൻ, പാനപൂജ വാദ്യകലാകാരൻ ചിന്നപ്പൻ നായർ, വാദ്യവിദ്വാൻമാരായ കലാനിലയം കമൽനാഥ്, എടക്കളത്തൂർ അജി എന്നിവരെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആദരിച്ചു. പാനയോഗം പ്രസിഡന്റ് ശശി വാറണാട്ട് അദ്ധ്യക്ഷനായി. തായമ്പക വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. കെ.പി. ഉദയൻ, ശോഭ ഹരിനാരായണൻ, ജി.കെ. പ്രകാശൻ, ജനു ഗുരുവായൂർ, വി.പി. ഉണ്ണിക്കൃഷ്ണൻ, ആർ. ജയകുമാർ, പി.കെ. രാജേഷ് ബാബു, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, മണലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.