വെള്ളാങ്ങല്ലൂർ: തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധം. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന എട്ട് കിലോമീറ്റർ ദൂരത്തിനുള്ളിൽ ഏഴ് കലുങ്കുകൾ പൊളിച്ചിട്ടിട്ട് ആറ് മാസത്തിലേറെയായി. ഇതുവരെയും നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. ഇതുമൂലം യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്. പൊളിച്ചിട്ട കലുങ്കുകൾക്ക് സമീപം അപകട മുന്നറിയിപ്പ് ബോർഡോ ദിശാ ബോർഡോ സ്ഥാപിച്ചിട്ടില്ല. റോഡിന്റെ ഗതി നിർണയിക്കാൻ പറ്റാതെയാണ് പലരും അപകടത്തിൽപ്പെടുന്നത്. നിർമ്മാണം നടക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടുന്നതും ദിവസങ്ങളോളം വെള്ളം പാഴാകുന്നതും നിത്യ സംഭവമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത്തരത്തിൽ പതിനായിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് നഷ്ടമാകുന്നത്. സംഭവത്തിൽ പഞ്ചായത്ത് അധികാരികൾ നിസംഗത പുലർത്തുകയാണെന്നും പറയുന്നു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനമാണ് പ്രവൃത്തി വൈകാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. ജനങ്ങൾക്ക് ദുരിതമാകാത്ത തരത്തിൽ സംസ്ഥാന പാത നിർമ്മാണം മുന്നോട്ട് കൊണ്ടുപോകണമെന്ന് യൂത്ത് കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസമ്മിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നിതിൻ ജയ്സിംഗ്, പ്രശോഭ് കെ. അശോകൻ, മഹേഷ് ആലിങ്ങൽ, ജിഷ്ണു പ്രസാദ്, റിയാസ് വെളുത്തേരി, കബീർ കാരുമാത്ര തുടങ്ങിയവർ പ്രസംഗിച്ചു.