 
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന അന്നമനട കുടുംബി കോളനി തഹസിൽദാരുടെ സംഘം സന്ദർശിക്കുന്നു.
അന്നമനട: അന്നമനട പഞ്ചായത്തിലെ അഞ്ചാം വാർഡ് കുടുംബി കോളനിയിലെ 20 വീടുകൾ അപകട ഭീഷണിയിൽ. പുളിക്കകടവ് പാലത്തിന് സമീപമുള്ള കോളനിയുടെ തീരം പുഴയുടെ ശക്തമായ ഒഴുക്കിൽ ഏകദേശം അഞ്ച് മീറ്ററോളം ഇടിഞ്ഞു. പ്ലാവ് അടക്കമുള്ള ഫലവൃക്ഷങ്ങൾ മറിഞ്ഞു വീണു. പുഴയും കരയും തമ്മിലുള്ള അകലം 1.5 മീറ്ററായി ചുരുങ്ങി. കുടുംബി കോളനിയിലെ ഇരുപതോളം വീടുകൾ ശക്തമായ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. വിഷയമായി ബന്ധപ്പെട്ട് ജല വികസന വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, കളക്ടർ എന്നിവർക്ക് പഞ്ചായത്ത് പരാതി നൽകി. പുനരുദ്ധാരണ പ്രവർത്തനത്തിന് 64 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓൺലൈൻ യോഗത്തിൽ കളക്ടറെ പഞ്ചായത്ത് പ്രസിഡന്റ് വിവരങ്ങൾ ധരിപ്പിച്ചു. കളക്ടർ തഹസിൽദാരെ അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയും താലൂക്ക് തഹസിൽദാർ, സ്‌പെഷ്യൽ ദാസിൽദാർ, വില്ലേജ് ഓഫീസർ അടങ്ങുന്ന സംഘം സ്ഥലം പരിശോധിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. സതീശൻ, വാർഡ് മെമ്പർ ഷീജ നസീർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.