ചാലക്കുടി: ദേശീയപാതയിലെ പോട്ട മേൽപ്പാലത്തിനടുത്ത് സർവീസ് റോഡിൽ വീണ്ടും മാലിന്യം തള്ളി. കോഴിയുടെ അവശിഷ്ടങ്ങൾ അടങ്ങുന്ന മാലിന്യമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്ന് തട്ടിയത്. വർഷങ്ങളായി ഇവിടെ മാലിന്യം തള്ളുന്നുണ്ട്. ഇക്കാരണത്താൽ പ്രദേശം ദുർഗന്ധ പൂരിതവുമാണ്. നിരവധി തവണ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. ഇവിടെ നൂറ്റമ്പത് മീറ്ററോളം സ്ഥലം വിജനമായി കിടക്കുന്നതാണ് സാമൂഹിക വിരുദ്ധർക്ക് അനുകൂല ഘടകം. നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ഇത്തരം പ്രവൃത്തികൾ പിടിക്കുമെന്ന് നഗരസഭ അധികൃതർ ഉറപ്പ് നൽകിയെങ്കിലും അതു പാലിച്ചില്ലെന്ന് സമീപത്ത് ഗ്യാരേജ് നടത്തുന്ന ജെയിംസ് പറഞ്ഞു.