ചാലക്കുടി: പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറുകൾ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്ന് അവശ്യപ്പെട്ട് നഗരസഭ പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, എം.എൽ.എ ടി.ജെ. സനീഷ്‌കുമാറിന് കത്ത് നൽകി. ശക്തമായ മഴയുടെ വേളയിൽ, വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമറുകൾ ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. 2018ന് ശേഷം പല തവണയായി ഇത്തരം സ്ഥലങ്ങൾ വെള്ളം കയറുമ്പോൾ ട്രാൻസ്‌ഫോർമർ ദിവസങ്ങളോളം ഓഫ് ചെയ്യുകയാണ്. കാലവർഷക്കെടുതിയോടൊപ്പം ഇരുട്ടിൽ കഴിയേണ്ട അവസ്ഥയാണ് താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുകാർക്കുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.