karuvannur-

തൃശൂർ: വൻക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം കിട്ടാത്തതിനെ തുടർന്ന് ഇരട്ട മക്കളുടെ

സെറിബ്രൽ പാൾസി രോഗത്തിനുള്ള ചികിത്സ മുടങ്ങിയ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു കൈമാറി. 10.3 ലക്ഷം രൂപയാണ് മാപ്രാണം തെങ്ങോല പറമ്പിൽ ജോസഫും (68) ഭാര്യ റാണിയും നിക്ഷേപിച്ചിരുന്നത്.

ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. പ്രതിഷേധിച്ചതോടെ ആദ്യം പതിനായിരം രൂപയുടെ ബോണ്ട് നൽകി. ആറ് മാസം കഴിഞ്ഞ് പതിനായിരം രൂപയും നൽകി. ചികിത്സയ്ക്ക് പണം നൽകാത്ത സംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, കഴിഞ്ഞദിവസം നടൻ സുരേഷ് ഗോപി വീട്ടിലെത്തി ഒരു ലക്ഷം രൂപ നൽകിയിരുന്നു.

ജോസഫിന്റെ 28 വയസുള്ള ഇരട്ടകളായ രണ്ട് ആൺമക്കൾ ജന്മനാ സെറിബ്രൽ പാൾസി ബാധിച്ചവരാണ്. 35 കൊല്ലം ദുബായിലായിരുന്നു ജോസഫ്. നാട്ടിലെത്തിയപ്പോൾ വൃക്കരോഗം ബാധിച്ചു. ചികിത്സയ്ക്കായി ജോസഫിനും ചെലവേറെയുണ്ട്.

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് നൽകാൻ സർക്കാർ കേരള ബാങ്കിൽ നിന്ന് 25 കോടിയടക്കം 35 കോടി കഴിഞ്ഞ ദിവസം വകയിരുത്തിയിരുന്നു. അതിൽ നിന്നുള്ള തുകയാണ് ഈ കുടുംബത്തിനും നൽകിയത്. സഹകരണസംഘം ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സാധാരണക്കാർക്ക് ഉപകാരപ്രദമായ സഹകരണ പ്രസ്ഥാനങ്ങൾ സംരക്ഷിക്കേണ്ട കടമ സർക്കാരിനുണ്ടെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

പണം ലഭിക്കാത്തതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച മാപ്രാണം സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിന് 23 ലക്ഷം രൂപ കഴിഞ്ഞദിവസം മന്ത്രി കൈമാറിയിരുന്നു.