
ചേർപ്പ് : മഴക്കാലം കണക്കിലെടുക്കാതെ നിർമ്മിച്ചതോടെ, ഹെർബർട്ട് കനാലിലെ താത്കാലിക ബണ്ട് റോഡ് നാട്ടുകാർക്ക് ബാദ്ധ്യതയായി. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ ഇതിലൂടെയുള്ള ഗതാഗതം കളക്ടർ നിരോധിക്കുകയും ചെയ്തു. താത്കാലിക ബണ്ട് റോഡ് അടച്ചതിനെ തുടർന്ന് ഇരുഭാഗത്ത് നിന്നാണ് സ്വകാര്യബസുകൾ ദിവസങ്ങളായി സർവീസ് നടത്തുന്നത്. രണ്ട് ബസുകൾ മാറി കയറുമ്പോൾ യാത്രക്കാരന് പണവും കൂടുതൽ കൊടുക്കേണ്ട അവസ്ഥയുണ്ട്. ഹെർബർട്ട് കനാലിൽ ഗതാഗതം നിരോധിച്ചതിനാൽ സ്വകാര്യബസുകളുടെ ഓട്ടവും നഷ്ടത്തിലാണെന്ന് ബസുടമകൾ പറഞ്ഞു.
തൃശൂർ തൃപ്രയാർ ചേർപ്പ് സംസ്ഥാനപാതയിലെ ഹെർബർട്ട് കനാൽ പാലം മാസങ്ങൾക്ക് മുൻപ് പുനർനിർമ്മിക്കാനായി പൊളിച്ചപ്പോഴാണ് താത്കാലിക ബണ്ട് റോഡ് നിർമ്മിച്ചത്. കഴിഞ്ഞദിവസത്തെ കനത്തമഴയിലാണ് വെള്ളം കയറിയത്.
റോഡ് അടച്ചതിനാൽ ബസ് യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. മറ്റ് വാഹനങ്ങൾ പഴുവിൽ ആലപ്പാട് അമ്മാടം പാലയ്ക്കൽ കൂടിയാണ് പോകുന്നത്.
റോഡ് അടച്ചതറിയാതെയെത്തുന്ന വാഹനങ്ങൾ കനാലിന് സമീപത്തെ റോഡിലൂടെ എട്ടുമന, കരുവന്നൂർ, രാജ കമ്പനി ഭാഗത്തേക്ക് കടന്ന് മൂർക്കനാട് കാറളം ചിറയ്ക്കൽ കൂടി കിലോമീറ്ററുകൾ വളഞ്ഞുപോകേണ്ട ഗതികേടിലാണ്.
ഹെർബർട്ട് കനാലിലെ താത്കാലിക റോഡിന്റെ സമീപത്ത് പൊലീസ് കാവലുണ്ട്. ഒരു മുന്നറിയിപ്പും ഇല്ലാതെ രാത്രിയിൽ റോഡ് അടച്ചതിൽ പ്ര തിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. പാലം പുനർനിർമ്മിക്കാനായി പൊളിച്ചതിന് ശേഷം സമീപത്തായി നിർമ്മിച്ച ബണ്ട് റോഡ് മണ്ണ് ഉയർത്തി കനാലിൽ വെള്ളം ഉയർന്നാലും ജനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. കനാലിൽ വെള്ളം താഴ്ന്നതിന് ശേഷം മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.