chendumalli

തൃശൂർ: സി.പി.ഐ ജില്ലാ സമ്മേളനം തൃപ്രയാറിൽ വച്ച് 24, 25, 26 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾ ഇന്ന് ആരംഭിക്കും. ഇന്നു മുതൽ 20 വരെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഓൺലൈൻ പ്രഭാഷണ പരമ്പര സി.പി.ഐ ജില്ലാ കൗൺസിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും സംഘടിപ്പിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.
11ന് അന്തിക്കാട് ചെത്തുതൊഴിലാളി സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബാംഗങ്ങൾ ഒത്തുചേരുന്ന രക്തസാക്ഷി കുടുംബ സംഗമം അന്തിക്കാട് സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന രക്തസാക്ഷി ചോക്കുന്നു, പൂക്കുന്നു എന്ന ഗാനോപഹാരം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിന് നൽകി പ്രകാശനം ചെയ്യും. ഗായിക പി.കെ. മേദിനി പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
11ന് ഉച്ചക്ക് 3 മണിക്ക് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഷോർട് ഫിലിം ഫെസ്റ്റിവെൽ സംഗീത നാടക അക്കാഡമി ബ്ലാക്ക് ബോക്‌സിൽ നടക്കും. സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അധികരിച്ച് അഞ്ച് സെമിനാറുകൾ സംഘടിപ്പിക്കും.
18ന് കായിക മത്സരങ്ങളുടെ ഭാഗമായി കെ. ദാമോദരൻ സ്മാരക അഖിലേന്ത്യ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. തൃപ്രയാർ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
19ന് പതാക ദിനമായി ആചരിക്കും. വൈകീട്ട് അഞ്ചിന് ഇന്റർ കൊളീജിയറ്റ് വോളിബാൾ ടൂർണമെന്റ് തൃപ്രയാർ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും. 20 മുതൽ 23 വരെ സാംസ്‌കാരികോത്സവം തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കും.
23ന് പൊതുസമ്മേളന നഗറിൽ സി.എൻ. ജയദേവൻ പതാക ഉയർത്തും. 24ന് വൈകിട്ട് അഞ്ചിന് തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് ചേരുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
25, 26 തീയ്യതികളിലാണ് പ്രതിനിധി സമ്മേളനം. തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്‌റ്റേഡിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം 26ന് വൈകിട്ട് സമാപിക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. വി.എസ്. സുനിൽകുമാർ, അഡ്വ. ടി.ആർ. രമേഷ്‌കുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുത്തു.

സി.പി.ഐ ജില്ലാ സമ്മേളനം: ചെണ്ടുമല്ലി വിളവെടുത്തു

പെരിങ്ങോട്ടുകര: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി മാത്യകാ കൃഷിത്തോട്ടത്തിൽ ചെണ്ടുമല്ലി വിളവെടുപ്പുത്സവം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. ടി.ആർ. രമേഷ്‌കുമാർ, കെ.പി. സന്ദീപ്, ഷീന പറയങ്ങാട്ടിൽ, സി.ആർ. മുരളീധരൻ, എലൈറ്റ് ഗ്രൂപ്പ് എം.ഡി: ടി.ആർ. വിജയരാഘവൻ, വിൻസെന്റ് തട്ടിൽ, കെ.കെ. രാജേന്ദ്ര ബാബു, ബാബു വിജയകുമാർ എന്നിവർ സംബന്ധിച്ചു.