 
പുതുക്കാട്: സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെയും ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജിന്റേയും നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ചു. ദേശീയ പാതയിലെ അപകടക്കുഴികൾ അടയ്ക്കുക, മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാരും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു. രാവിലെ 11.30 ഓടെ ആരംഭിച്ച സമരം രണ്ടുമണിക്കൂർ പിന്നിട്ടതോടെ ദേശീയപാത പ്രൊജക്ട് ഡയറക്ടർ വിബിൻ മധു, ഡെപ്യൂട്ടി കളക്ടർ ഫരീദ് എന്നിവർ നേരിട്ടെത്തി സമരക്കാരുമായി ചർച്ച ചെയ്തു.
48 മണിക്കൂറിനകം കുഴികൾ അടയ്ക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകി. ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ആഗസ്റ്റ് 21ന് പുതിയ ടെൻഡർ ഓപ്പൺ ചെയ്യുമെന്നും ഡയറക്ടർ അറിയിച്ചു.