 
പെട്രോൾ പമ്പിന് നൽകിയത് ഏകദേശം 40 സെന്റ് സ്ഥലം
തൃശൂർ: ആകെയുള്ളത് ചുരുങ്ങിയ സ്ഥലം, അതിനുള്ളിൽ നിർമ്മാണപ്രവർത്തനവും പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡും. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ദുരിതം മാത്രം. പെട്രോൾ പമ്പ് നിർമ്മാണത്തിന് വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലം വിട്ടുകൊടുത്തതോടെയാണ് യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടിലായത്.
പെട്രോൾ പമ്പിന് അനുവദിച്ച സ്ഥലം വളച്ചുകെട്ടിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. പമ്പ് നിർമ്മാണം ആരംഭിച്ചതോടെ തെക്ക് ഭാഗത്തുള്ള കവാടം അടച്ചുകെട്ടി. പടിഞ്ഞാറും വടക്കും ഭാഗങ്ങളിലുള്ള റോഡുകളിലൂടെയാണ് ബസുകൾ ഇപ്പോൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും. ദിവാൻജി റോഡ്, ചെട്ടിയങ്ങാടി റോഡ് എന്നിവിടങ്ങളിൽ ഗതാഗത കുരുക്കിനും ഇത് വഴിവയ്ക്കുന്നു.
പുതിയ പമ്പിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. പമ്പ് വരുന്നതോടെ കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കും. പുതിയ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റാൻഡിന് ഉള്ളിലേക്ക് പ്രവേശിക്കാമെങ്കിലും അത് കൂടുതൽ കുരുക്കായേക്കും.
സാധാരണ സർവീസിന് പുറമേ ദീർഘദൂര ബസുകളും കയറിയിറങ്ങി പോകുന്ന സ്റ്റാൻഡാണിത്. ഏകദേശം എണ്ണുറോളം ബസുകൾ വന്നും പോയിക്കൊണ്ടിരിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യം പോലുമില്ല. സ്റ്റാൻഡിലേക്ക് ബസ് കയറിയാൽ പിന്നെ പിറകോട്ട് എടുക്കണമെങ്കിൽ പിടിപ്പത് പണിയാണ്. ബസിൽ നിന്ന് ഇറങ്ങുന്നവർക്ക് പോലും നിന്ന് തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥ.
മഴ പെയ്താൽ മഹാകഷ്ടം
മഴ പെയ്താൽ സ്റ്റാൻഡിന് പുറത്തും അകത്തും വെള്ളക്കെട്ട് രൂപപ്പെടും. മേൽക്കൂരയുടെ പലയിടങ്ങളും ചൊർന്നൊലിക്കുന്നുണ്ട്. ജീവനക്കാരും അപകടാവസ്ഥയിലായ കെട്ടിടത്തിലാണ് ജോലിയെടുക്കുന്നത്. സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെ സീലിംഗ് പലതവണ അടർന്നുവീണിരുന്നു.
സ്ത്രീസൗഹൃദമല്ല
തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ത്രീകൾക്ക് യാതൊരു സൗകര്യവുമില്ല. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് മുലയൂട്ടുന്നതിനോ വിശ്രമിക്കുന്നതിനോ സ്ഥലമില്ല.
സ്വിഫ്റ്റുകാരെ കൊണ്ട് തോറ്റു
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്വിഫ്റ്റ് ബസുകൾ സ്റ്റാൻഡിന് ഉള്ളിലേക്ക് കയറ്റുന്നതെന്ന് ജീവനക്കാർ പറയുന്നു. ഇതുമൂലം തങ്ങളുടെ ബസുകൾക്ക് പാർക്ക് ചെയ്യാനോ, പുറത്തേക്ക് പോകാനോ കഴിയുന്നില്ല. ജീവനക്കാരോട് ഇവർ തട്ടികയറുന്നതായും ആക്ഷേപമുണ്ട്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് കൂടെ ഓട്ടം പോകാൻ പറ്റാതായി. എപ്പോഴാ ബസ് തിരിയുക എന്നൊന്നും പ്രതീക്ഷിക്കാനാകില്ല. തെക്കുഭാഗത്തുള്ള കവാടം അടച്ചതോടെ തിരക്കേറെയുള്ള റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് ബസുകൾ സ്റ്റാൻഡിൽ കയറുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
- പി.സി. ദിലീപ്, ഓട്ടോ ഡ്രൈവർ