sahapadaghal

കൊടുങ്ങല്ലൂർ: കൂടെയില്ലാത്ത കൂട്ടുകാരന്റെ അവാർഡ് നേട്ടം ആഘോഷിച്ച് സഹപാഠികൾ. വലുതാകുമ്പോൾ ഒരു തിരകഥാകൃത്താകുമെന്ന് സ്വപ്നം കണ്ട സച്ചിയെന്ന കൂട്ടുകാരന് ദേശീയ അവാർഡ് ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുമ്പോൾ സച്ചി കൂടെയില്ലെന്നത് അൽപസമയം അവർ മറന്നു. ഗവ.ബോയ്‌സ് ഹൈസ്‌കൂളിലെ 1987 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. സച്ചിയുടെ അവാർഡ് ചിത്രമായ അയ്യപ്പനും കോശിയിലും പൊലീസ് ഓഫീസറായി അഭിനയിച്ച കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.കൈസാബ് അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ കൗൺസിലർ അഡ്വ.ഡി.ടി.വെങ്കിടേശ്വരൻ, അഡ്വ.നസീർ അലി, ഉണ്ണി പണിക്കശ്ശേരി, ഹെഡ്മാസ്റ്റർ അജയകുമാർ, എൻ.വി.ബിജു എന്നിവർ സംസാരിച്ചു. കെ.ആർ.വിജയഗോപാൽ, ടി.എസ്.സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ഗവ:പി.ഭാസ്‌കരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ലഡ്ഡു വിതരണം ചെയ്തു. സച്ചിയുടെ സിനിമയിൽ നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ച ഗാനം സ്‌കൂൾ വിദ്യാർത്ഥിനികൾ ആലപിച്ചു.