 
തൃശൂർ: സംസ്ഥാന ബാഡ്മിന്റൺ ഷട്ടിൽ ചാമ്പ്യൻഷിപ്പ് 10 മുതൽ 20 വരെ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 14 ജില്ലകളിൽ നിന്നുമുള്ള 1372ൽ പരം താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ പത്തിന് വൈകീട്ട് മൂന്നിന് ജൂനിയർ അന്തർജില്ലാ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കും.
വൈകിട്ട് അഞ്ചിന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. 14 മുതൽ ജൂനിയർ തല മത്സരങ്ങളും 17 മുതൽ 20 വരെ സീനിയർ മത്സരങ്ങളും അരങ്ങേറും. സംസ്ഥാനത്ത് ആദ്യമായാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ചാമ്പ്യൻഷിപ്പ് ഒരേ വേദിയിൽ തന്നെ അരങ്ങേറുന്നത്.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാബു മേച്ചേരിപ്പിടി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. ഷാജി, ജില്ലാ സെക്രട്ടറി ജോസ് സേവ്യർ, ജില്ലാ ട്രഷറർ ജോയ് കെ ആന്റണി, ജില്ലാ ജോ.ശസക്രട്ടറി പി.ഒ ജോയ് എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ജില്ലയിൽ വിപുലമായ പരിപാടികൾ
തൃശൂർ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ വിപുലമായ പരിപാടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. നാളെ രാവിലെ പത്തിന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് 'എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75 അമൃതവർഷങ്ങൾ എന്ന പേരിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചേർപ്പ് ഉപജില്ലയിലെ സെന്റ് ആന്റണീസ് യു.പി.എസിൽ നടക്കും. സി.സി മുകുന്ദൻ എം .എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ തുടങ്ങിയവർ പങ്കെടുക്കും.
11ന് രാവിലെ പത്തിന് ജില്ലയിലെ 1028 സ്കൂളുകളിലും 'ഗാന്ധിമരം' എന്ന് പേരിൽ ഫലവൃക്ഷ തൈനടും. 12 ന് രാവിലെ തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംഗമം സംഘടിപ്പിക്കും. 75 പതാകകൾ വാനിൽ ഉയർത്തും.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റാലികൾ, സൈക്കിൾ റാലികൾ, പ്രശ്നോത്തരി, ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. 13, 14, 15 തീയതികളിൽ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തും.