ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ ക്ഷേത്ര ഗോപുര കവാടത്തിന് മുന്നിൽ പുതുതായി പാകിയ കരിങ്കൽ പാളികളും തെക്കേ നടയിൽ നിർമ്മിച്ച പുതിയ സ്റ്റീൽ ഗേറ്റും ഭഗവാന് സമർപ്പിച്ചു. കുംഭകോണത്തെ ശ്രീഗുരുവായൂരപ്പൻ ഭക്തസേവാ സംഘമാണ് 32 ലക്ഷം രൂപ ചെലവാക്കി ക്ഷേത്ര തിരുമുറ്റം കരിങ്കൽപ്പാളി പാകി സമർപ്പിച്ചത്. ഇതിനുപുറമെ ക്ഷേത്രത്തിലേക്ക് വലിയ നിവേദ്യ പാത്രങ്ങളും ഭക്തസംഘം സമർപ്പിച്ചിട്ടുണ്ട്. ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ നാട മുറിച്ച് കരിങ്കൽ പാളി വിരിച്ച തിരുമുറ്റത്തിന്റെ സമർപ്പണം ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കുംഭകോണം ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റ് പ്രസിഡന്റ് മണിചന്തിരനെ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പൊന്നാട അണിയിച്ച് ആദരിച്ചു. ദേവസ്വത്തിന്റെ ഉപഹാരവും അദ്ദേഹം കൈമാറി. ഏകദേശം മൂവായിരം അടി വിസ്തീർണമുള്ള കരിങ്കൽ പാളികളാണ് തറയിൽ പാകിയിരിക്കുന്നത്. പഴയ കരിങ്കൽത്തറ പൂർണമായും പൊളിച്ചുനീക്കി കാൽനട സഞ്ചാരത്തിന് ഇണങ്ങിയ ഗ്രിപ്പുള്ള പുതിയ കരിങ്കല്ല് പാളികൾ വിരിച്ചു. കൂടാതെ തെക്കെനടയിൽ ശ്രീഗുരുവായൂരപ്പന്റെ ശംഖ്, ചക്രം ആലേഖനം ചെയ്ത പുത്തൻ സ്റ്റെയിൻലെസ് സ്റ്റീൽ ഗേറ്റും സ്ഥാപിച്ചു. 1991 മുതൽ എല്ലാ വർഷവും ആഗസ്റ്റ് 8ന് ഗുരുവായൂരപ്പന് ലക്ഷങ്ങൾ വിലമതിക്കുന്ന വഴിപാട് നടത്തി വരുന്നവരാണ് ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാസംഘം.