കയ്പമംഗലം : രണ്ട് ദിവസമായി മഴ മാറിനിൽക്കുന്നതിനാൽ തീരദേശത്ത് മഴക്കെടുതികളിൽ ഒറ്റപ്പെട്ട പല പ്രദേശങ്ങളും സാധാരണ നിലയിലേക്ക്. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്.എൻ പുരം പഞ്ചായത്തുകളിൽ സ്ഥിതി ഏറെക്കുറെ സാധാരണനിലയിലെത്തി.
എടത്തിരുത്തി പഞ്ചായത്തിൽ കനോലി കനാലിനോട് ചേർന്ന പ്രദേശങ്ങളിൽ വെള്ളം പൂർണമായി ഒഴിഞ്ഞിട്ടില്ല എന്നതിനാൽ ചെന്ത്രാപ്പിന്നി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നിലനിറുത്തി. 98 കുടുംബങ്ങളിൽ നിന്നായി 266 പേർ ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്. മഴവെള്ളത്തേക്കാളുപരി ആ പ്രദേശത്തെ പ്രതികൂലമായി ബാധിക്കുന്നത് കനോലി കനാലിലെ ജലനിരപ്പ് താഴാത്ത സ്ഥിതിയാണ്.
കയ്പമംഗലം പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ടെണ്ണം കഴിഞ്ഞദിവസം അവസാനിപ്പിച്ചു. കൂരിക്കുഴിയിലെ മദ്രസ, ആർ.സി.യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പാണ് നിറുത്തിയത്. നിലവിൽ പ്രവർത്തിക്കുന്നത് കാക്കാത്തുരുത്തി മദ്രസയിലേതാണ്. ഇവിടെ 62 കുടുംബങ്ങളിൽ നിന്നായി 120 പേരാണ് ഇപ്പോഴുള്ളത്. പെരിഞ്ഞനം പഞ്ചായത്തിൽ ഗവ : യു.പി സ്‌കൂളിലെ ക്യാമ്പിൽ ഇപ്പോൾ അവശേഷിക്കുന്നത് രണ്ട് കുടുംബങ്ങളിൽ നിന്നായി ആറ് പേരാണ്. മതിലകം, എസ്.എൻ പുരം പഞ്ചായത്തുകളിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല.