1

തൃശൂർ: പ്രളയത്തിൽ തകർന്ന തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത പുനർനിർമ്മാണം 24 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് സർക്കാർ നൽകിയ ഉറപ്പെങ്കിലും 13 മാസം മാത്രം ബാക്കിനിൽക്കേ പണികൾ വൈകുന്നതായി ആക്ഷേപം. കഴിഞ്ഞ സെപ്തംബറിലായിരുന്നു നിർമ്മാണോദ്ഘാടനം.

പേരാമംഗലം - മുണ്ടൂർ വരെ കോൺക്രീറ്റ് റോഡ് ആധുനികമായി നിർമ്മിക്കാൻ കഴിഞ്ഞെങ്കിലും പണികൾ ബാക്കിയുള്ളതിനാൽ വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയിട്ടില്ല. ഒരു വരിയിലൂടെയാണ് രണ്ടുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. മഴയിൽ തകർന്ന ഈ വഴിയിൽ ലോറികളും ട്രെയിലറുകളും ആംബുലൻസുകളും അടക്കമുള്ള വാഹനങ്ങൾ ഏറെ നേരം കുരുങ്ങുന്നുണ്ട്.

പുഴയ്ക്കലിലും മുതുവറയിലും അമലയിലും നിർമ്മാണം ബാക്കിയാണ്. മുണ്ടൂർ മുതൽ പുറ്റേക്കര വരെയും കൈപ്പറമ്പ് മുതൽ ചൂണ്ടൽ വരെയും രണ്ടുവരിപ്പാതയാണ്. ഇത് നാലുവരിയാക്കാനുള്ള ശ്രമങ്ങളുമില്ല. അതിനാൽ, വൻഗതാഗതക്കുരുക്കിന് കാരണമാകാറുള്ള കേച്ചേരിയിൽ ഏഴ് വർഷം മുൻപ് നിർമ്മിച്ച ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുമെന്ന പ്രതീക്ഷയും മങ്ങി. കേച്ചേരി ജംഗ്ഷൻ വികസനപ്രവർത്തങ്ങളുടെ ഭാഗമായി കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ഏപ്രിലിൽ സ്ഥലം സന്ദർശിച്ചിരുന്നു. ജംഗ്ഷൻ വികസനം, മഴുവഞ്ചേരി - ചൂണ്ടൽ റോഡ് വീതി കൂട്ടൽ എന്നിവ പരിഹരിക്കുമെന്ന് അവർ ഉറപ്പ് നൽകിയെങ്കിലും അതിനുളള ശ്രമങ്ങളുമായിട്ടില്ല. വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കുന്നംകുളം, മണലൂർ എം.എൽ.എമാരെ പങ്കെടുപ്പിച്ച് ചേർന്ന ഉന്നതതലയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

തിങ്കളാഴ്ച രാവിലെയും വൈകിട്ടുമായി രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. മുതുവറയിൽ ബൈക്കിൽ ബസിടിച്ച് യുവഡോക്ടർ മരിച്ചതിനു പിന്നാലെ പുറ്റേക്കരയിൽ ബസുടമ സ്വന്തം ബസിന് അടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. പുറ്റേക്കരയിൽ നാലുവരിയാക്കാത്തതിനാൽ അപകടങ്ങൾ പതിവാണ്. സർവേ പ്രവർത്തനങ്ങൾ വൈകിയതുകൊണ്ടും പഴയതും പുതിയതുമായി രണ്ട് അലൈൻമെന്റുകൾ വന്നതുമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പറയുന്നത്. പത്തുവർഷത്തിലേറെയായുളള ആവശ്യമാണ് പല കാരണങ്ങളിൽ തട്ടി വൈകുന്നത്.

കണ്ണൂർ, കോഴിക്കോട് ഭാഗത്ത് നിന്നുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകളും ചീറിപ്പായുന്നതും മത്സരയോട്ടം നടത്തുന്നതും പതിവായിട്ടുണ്ട്. റോഡുകൾ തകർന്നതിനാൽ സമയം വൈകുമ്പോൾ അതിവേഗതയിൽ ഓടിച്ചെത്തിക്കുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. മോട്ടോർ വാഹന വകുപ്പും പൊലീസും യാതൊരു പരിശോധനകളും നടത്തുന്നില്ലെന്നും നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഗെയ്ൽ വാതകപൈപ്പ് ലൈനിന്റെ പ്രവർത്തനങ്ങളും വൈദ്യുത പോസ്റ്റുകൾ മാറ്റുന്നത് അടക്കമുള്ളവയും നടക്കുന്നുണ്ട്. ഇതിനിടെയിലാണ് ബസുകളുടെ മരണപ്പാച്ചിൽ. ബൈക്ക് യാത്രക്കാരാണ് ബസുകളുടെ മത്സരയോട്ടത്തിൽ കുടുങ്ങുന്നത്.

കെ.എസ്.ടി.പി പദ്ധതിയിൽ നിലവിലുള്ള റോഡ് പുനർനിർമ്മിക്കൽ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ കൈപ്പറമ്പ് - ചൂണ്ടൽ പാത നാലുവരിയാക്കൽ ഉണ്ടാവില്ല. കൈയേറ്റങ്ങൾ ഒഴിപ്പിച്ചുള്ള വികസനം നടക്കും. സ്വകാര്യഭൂമി ഏറ്റെടുക്കില്ല. നിലവിലുളള റോഡുകളിൽ കുഴിയടക്കാനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്.

- മുരളി പെരുന്നെല്ലി എം.എൽ.എ