 
തൃശൂർ : ദേശീയപാതയിലെ കുഴികൾക്ക് പിന്നാലെ സർവീസ് റോഡും വാരിക്കുഴികൾ. വാഹനയാത്രികർ പോകുന്നത് ജീവൻ പണയം വെച്ച്. മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ ജില്ലാ പരിധിയിൽ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണ്. പല സ്ഥലങ്ങളും റോഡും കുളങ്ങളും തമ്മിൽ വ്യത്യാസമില്ലാത്ത തരത്തിലായി. മണ്ണുത്തി മേൽപ്പാലത്തിലെ വെള്ളക്കെട്ട് ദുരിതം സൃഷ്ടിക്കുമ്പോൾ പാണഞ്ചേരി, പട്ടിക്കാട്, കുതിരാൻ മേഖലകളിലും വലിയ കുഴികളാണ് രൂപപ്പെട്ടത്. പുതുക്കാട് മേഖലയിൽ ചെറുതും വലുതുമായ ഒട്ടനവധി കുഴികളാണ് രൂപപ്പെട്ടത്. ഇന്നലെ ഹൈക്കോടതി നിർദ്ദേശ പ്രകാരം കളക്ടർ ഹരിത.വി.കുമാർ ദേശീയപാതയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സന്ദർശനത്തിന് മുന്നോടിയായി പി.ഡബ്‌ളിയു.ഡി ഉദ്യോഗസ്ഥരുടെ നേതത്വത്തിലുള്ള സംഘം പരിശോധന നടത്തി റിപ്പോർട്ട് നൽകി. ഇതിനിടെ ദേശീയ പാത നിർമ്മാണത്തിൽ ഉണ്ടായിട്ടുള്ള വ്യാപകക്രമക്കേടിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഗുരുവായൂർ ഇൻഫ്രാസ്‌ട്രെക്ച്ചർ കമ്പനിയെ പ്രതി ചേർത്താണ് കുറ്റപത്രം. മാനദണ്ഡം പാലിക്കാതെയാണ് നിർമ്മാണമെന്ന് സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു.
സർവീസ് റോഡുകളിലൂടെ സാഹസിക യാത്ര
ദേശീയ പാതയിലെ സർവീസ് റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. പേരാമ്പ്ര , പെരിങ്ങാകുളം, നെല്ലായി തുടങ്ങി വിവിധ സ്ഥലങ്ങളിലെ സർവീസ് റോഡുകളിൽ പത്തിലധികം റോഡുകൾ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. പത്ത് കിലോമീറ്ററിലധികം സ്ഥലം ഇത്തരത്തിൽ തകർന്ന് കിടക്കുന്നുണ്ട്.
കുഴിയടയ്ക്കൽ പ്രഹസനം
കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിലെ കുഴികളിൽ വീണ് ജീവൻ പൊലിഞ്ഞ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കുഴികൾ അടക്കണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലയിലും അറ്റകുറ്റ പണി ആരംഭിച്ചു. ദേശീയപാതയിലെ പുതുക്കാട് മുതൽ അങ്കമാലി വരെയുള്ള സ്ഥലത്താണ് അറ്റകുറ്റപണി ആരംഭിച്ചത്. തൊഴിലാളികളെയും യന്ത്രസാമഗ്രികളും നാല് ഗ്രൂപ്പുകളാക്കി വിന്യസിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഓരോ ഗ്രൂപ്പിനും എട്ട് കിലോമീറ്റർ ദൂരം വീതം ചുമതല നൽകി ഇരുപത്തിനാല് മണിക്കൂറും പണി നടക്കുന്ന രീതിയിലാണ് പ്രവർത്തനം. ദേശീയപാതയിലെ അറ്റകുറ്റപണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പാലിയേക്കര ടോൾപ്ലാസ സെന്ററിൽ കഴിഞ്ഞ ദിവസം ഉപരോധ സമരം നടത്തി. അതേസമയം മണലും മെറ്റലും മിക്‌സ് ചെയ്ത ശേഷം ഇടിമന്ത് കൊണ്ട് രണ്ട് തവണ ഇടിച്ച് അമർത്തിയ ശേഷം ജോലിക്കാർ സ്ഥലം വിടുകയാണ്. റോഡ് റോളർ ഉൾപ്പടെ ഉപയോഗിക്കാതെയാണ് ഓട്ടയടക്കൽ. കുഴിയടച്ച് പോയതിന് പിന്നാലെ വാഹനം വന്നാൽ അടർന്ന് പോകുന്ന സ്ഥിതിയുമുണ്ട്.
ദേശീയപാത അധികൃതരെ വിളിച്ചു വരുത്തിയേക്കും
ദേശീയ പാതയുടെയും സർവീസ് റോഡുകളുടെയും തകർച്ച കാരണം കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിൽ ദേശീയ പാത അധികൃതരെ അടുത്ത ദിവസം കളക്ടർ വിളിച്ചു വരുത്തിയേക്കും. ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് കടുത്ത നടപടി സ്വീകരിക്കാനും സാദ്ധ്യതയുണ്ട്.
അവിടെ തന്നെയുണ്ട്, സർവീസ് റോഡുകളിലെ കുഴികൾ !
ചാലക്കുടി: കോടതി ഉത്തരവും കളക്ടറുടെ ഇടപെടലുമുണ്ട്. എന്നാൽ ദേശീയ പാതയിലെ സർവീസ് റോഡുകളുടെ അവസ്ഥ ഇപ്പോഴും അതിദയനീയം. പോട്ട മേൽപ്പാലത്തിന് സമീപമുള്ള അപകടക്കെണി ഇപ്പോഴും തുടരുന്നു. 150 മീറ്റർ ദൂരത്ത് ചെറുതും വലുതുമായി രൂപപ്പെട്ട കുഴികൾക്ക് അനുദിനം ആഴവും വലിപ്പവും കൂടുന്നുണ്ട്. വാഹനങ്ങൾ സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ.
ചെറിയ അശ്രദ്ധയുണ്ടായാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. ഇരുചക്ര വാഹനങ്ങൾക്കാണ് ഏറെ ദുരിതം. ഇരിങ്ങാലക്കുട റോഡിലേക്ക് തിരിയുന്ന ഭാഗത്തെ അഗാധ ഗർത്തത്തിൽപ്പെട്ട് ഇതിനകം നിരവധി ബൈക്കുകൾ താഴെ വീഴുകയും ചെയ്തു. ജീവഹാനിയുണ്ടാകാതിരുന്നത് അവരുടെ ഭാഗ്യം. പോട്ട സർവീസ് റോഡ് കവലയിൽ ഇപ്പോഴും വൻകുഴിയുണ്ട്. ഇതിൽ ചിലത് അറ്റകുറ്റപ്പണി നടത്തി നികത്തിയെങ്കിലും ഗുണമേന്മയില്ലാത്ത ടാറിംഗ് മൂലം വീണ്ടും പഴയപടിയായി.
രണ്ടാഴ്ച മുൻപ് കുഴികളടച്ച ഉപ റോഡുകളിൽ സഞ്ചരിക്കുമ്പോൾ വാഹനങ്ങളുടെ ചക്രങ്ങൾ തെന്നിമാറുന്ന ഗുരുതരാവസ്ഥയുണ്ട്. ഇവിടെ നിർമ്മാണത്തിലെ അശാസത്രീയതയാണ് വില്ലൻ. ഹൈക്കോടതി വരെ ഇടപെട്ടിട്ടും മുനുഷ്യ ജീവൻ പന്താടുന്ന ദേശീയപാത അധികൃതരുടെ നിസംഗതയ്ക്ക് മാറ്റുമുണ്ടായിട്ടില്ല.
ടോള് നിറുത്തലാക്കാന് സംസ്ഥാസര്ക്കാര് ആവശ്യപ്പെടുമോ ?
പുതുക്കാട്: ദേശീയപാതയിൽ അറുപത് കിലോമീറ്ററിൽ ഒരു ടോൾ പ്ലാസ എന്നതിൽപെടുത്തി പാലിയേക്കര ടോൾ നിറുത്തലാക്കാൻ ഇനിയെങ്കിലും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുമോയെന്ന് തൂശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് ചോദിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ടാജറ്റ് കത്ത് നൽകി. കേന്ദ്ര ഏജൻസിയായ സി.ബി.ഐയാണ് ദേശീയ പാതയുടെ നിർമ്മാണം മുതൽ 2016 വരെയുള്ള കരാർ പണിയിലെ അപാകതകളും ക്രമക്കേടും കാട്ടി സി.ബി.ഐ കോടതിയിൽ കുറ്റപത്രം നൽകിയത്. അതിനാൽ കരാർലംഘനം എന്ന കരാറിലെ വകുപ്പ് വെച്ച് കമ്പനിയെ പുറത്താക്കാൻ എൻ.എച്ച്.എ.ഐക്ക് സാധിക്കുമെന്ന് അഡ്വ.ജോസഫ് ടാജറ്റ് കത്തിലൂടെ ആവശ്യപ്പെട്ടു.