 
തൃപ്രയാർ: വലപ്പാട് സർവീസ് സഹകരണ ബാങ്കിനെതിരെ ഒരു വിധത്തിലുള്ള സാമ്പത്തിക ക്രമക്കേടും ഇതുവരെ ഒരന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി പ്രസ്താവനയിൽ അറിയിച്ചു.
ബാങ്ക് സെക്രട്ടറിക്ക് എതിരെ നൽകിയിട്ടുള്ള കേസിൽ ഹൈക്കോടതി ഉപാധികളില്ലാതെ ജാമ്യം നൽകിയിട്ടുള്ളതും പൊലീസ് അന്വേഷണം പൂർത്തീകരിക്കപ്പെടാത്തതുമാണ്. വനിതാ കമ്മിഷൻ വലപ്പാട് പൊലീസിനോട് അന്വേഷണ റിപ്പോർട്ട് തേടുകയാണ് ചെയ്തത്. വസ്തുതകൾ ഇതായിരിക്കെ വ്യാജ ആരോപണം ഉന്നയിച്ച് ബാങ്കിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ചിലർ നടത്തുന്ന പ്രവർത്തനം തിരിച്ചറിയണം. പോഷ് ആക്ട് പ്രകാരം രൂപീകൃതമായ ലോക്കൽ കംപ്‌ളയൻസ് കമ്മറ്റിയുടെ എകപക്ഷീയവും എതിർകക്ഷിക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങളൊന്നും നൽകാതെയും തയ്യാറാക്കിയ അന്തിമ റിപ്പോർട്ടിനെതിരെ ബാങ്ക് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി പ്രസ്തുത ശുപാർശ സ്റ്റേ ചെയ്തതാണ്. കൂടുതൽ വാദം കേട്ട ശേഷം കോടതിയുടെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂവെന്നും സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ നിക്ഷിപ്ത താല്പര്യക്കാർ വ്യക്തി വിരോധം തീർക്കുകയാണെന്നും പ്രസിഡന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.