മാള: കാര്യം സിൽവർ ജൂബിലിയുടെ നിറവിലാണ് മാള ഗസ്റ്റ് ഹൗസ്. പക്ഷേ ലോകം മുഴുവൻ കൊവിഡ് കേറി മേഞ്ഞതോടെ, നാഥനില്ലാതെ കിടക്കുന്ന കെട്ടിടത്തിന്റെ പരിസരമെല്ലാം കാടുകയറി. കഴിഞ്ഞ രണ്ട് കൊല്ലമായി "ലോക് ഡൗണി"ലാണ് ഗസ്റ്റ് ഹൗസ്. തുറക്കാത്തതിനാൽ ഇവിടത്തെ ഉപകരണങ്ങളെല്ലാം നാശത്തിന്റെ വക്കിലുമാണ്. കൊവിഡിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഗസ്റ്റ് ഹൗസ് പൂട്ടിയത്. ടൂറിസം പ്രമോഷൻ കൗൺസിൽ നിർമ്മിച്ച ഗസ്റ്റ് ഹൗസ് ഇപ്പോൾ കരാർ വ്യവസ്ഥയിലാണ് നടത്തിപ്പിന് നൽകുന്നത്. ലോക്ഡൗൺ വന്നതോടെ കരാറുകാരന് നാലു ലക്ഷത്തോളം ബാദ്ധ്യത വന്നു. പിന്നീട് ആറ് ലക്ഷം രൂപ മുടക്കിയാണ് കഴിഞ്ഞ വിഷുവിന് വീണ്ടും തുടങ്ങിയത്. 12 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ലോക്ക്ഡൗൺ വന്നു. പിന്നെയും അടച്ചിട്ടു. ആകെ പത്ത് ലക്ഷത്തോളം രൂപ നഷ്ടം വന്നെന്ന് കരാറുകാരൻ പറയുന്നു. ഇപ്പോൾ ഗസ്റ്റ് ഹൗസിന്റെ മുകളിലെ മുറികൾക്ക് ചോർച്ചയും ഇലക്ട്രിക് തകരാറും സംഭവിച്ചിട്ടുണ്ട്. ഇനിയും അധികൃതർ തിരിഞ്ഞുനോക്കിയില്ലെങ്കിൽ കെട്ടിടം കൂടുതൽ നാശത്തിലേക്ക് പോകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പ്രതാപകാലത്തെ മാള ഗസ്റ്റ് ഹൗസ്
മാളയുടെ എം.എൽ.എയും മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരനാണ് ഗസ്റ്റ് ഹൗസ് തുടങ്ങാനായി പ്രാരംഭ പ്രവർത്തനം നടത്തിയത്. പിന്നീട് വി.കെ.രാജൻ കൃഷിമന്ത്രിയായപ്പോഴാണ് കൂടുതൽ ഫണ്ട് അനുവദിച്ച് ഗസ്റ്റ് ഹൗസിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 1997ൽ അന്നത്തെ എം.പിയായിരുന്ന കെ.കരുണാകരനാണ് ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. താഴത്തെ നിലയിൽ റസ്റ്റോറന്റും മുകളിൽ അതിഥികൾക്ക് താമസിക്കാനായി രണ്ട് മുറികളുമാണ് കെട്ടിടത്തിലുള്ളത്. മുറികൾക്ക് അഭിമുഖമായി കരികല്ല് കെട്ടി സംരക്ഷിച്ച കുളവും ഗസ്റ്റ് ഹൗസിനെ കൂടുതൽ മനോഹരമാക്കുന്നു. കുളത്തിൽ ബോട്ടിംഗ് സൗകര്യവും ഉണ്ടായിരുന്നു.
പ്രളയത്തിൽ സംഭവിച്ച തകരാറുകൾ പരിഹരിക്കാൻ ഡി.ടി.പി.സിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഒന്നും നടന്നില്ല. പെയിന്റ് അടിക്കാൻ മാത്രം 1,85,000 രൂപ ചെലവാക്കി. കിണറിൽ ആവശ്യത്തിന് വെള്ളം പോലുമില്ല.
കരാറുകാരൻ