പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ ഏനാമാക്കൽ പള്ളിനടയ്ക്ക് സമീപം ഒരേക്കറോളം പുഴ കൈയേറി നികത്തുന്നതായി പരാതി. ജങ്കാറിൽ രണ്ട് ഹിറ്റാച്ചി ഘടിപ്പിച്ച് രാത്രി കാലങ്ങളിലാണ് പുഴ നികത്തുന്നത്. ഏനാമാവ് പള്ളിനട കടവിന്റെ ഇരുവശങ്ങളിലുമാണ് പുഴ കൈയേറിയുള്ള നികത്തൽ നടക്കുന്നത്. കടവിന്റെ തെക്ക് ഭാഗത്ത് പരസ്യമായ പുഴ നികത്തലാണ് നടക്കുന്നതെങ്കിൽ വടക്കേ ഭാഗത്ത് ആസൂത്രിതമായ നികത്തലാണ് അരങ്ങേറുന്നത്. 40 സെന്റോളം വരുന്ന ചകിരിക്കുഴിക്ക് നികുതിയടയ്ക്കുന്ന സ്വകാര്യ വ്യക്തി അതിന്റെ മറവിൽ ചകിരിക്കുഴിയുടെ ഘടന മാറ്റിക്കഴിഞ്ഞു. പുഴയേക്കാൾ താഴ്ന്ന ചകിരിക്കുഴിക്ക് പകരം നികത്തിയ പുതിയ ഭൂമി തന്നെ ഇവിടെ രൂപപ്പെടുത്തിക്കഴിഞ്ഞു. ഘട്ടംഘട്ടമായി നടക്കുന്ന ചകിരിക്കുഴിയുടെ ഘടന മാറ്റൽ ഭാവിയിൽ പൈസ അടച്ച് ഭൂമി തരം മാറ്റിയെടുക്കുന്ന ഭൂമാഫിയ സംഘത്തിന്റെ സൂത്രവിദ്യയാണ് ഇവിടെയും പയറ്റുന്നത്. പുഴ കൈയേറി നികത്തുന്നതിനെതിരെ ഏതാനും വർഷം മുമ്പ് ജനകീയ പ്രതിഷേധം ഉയരുകയും വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നുവെങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം പുഴ നികത്തൽ മാഫിയ പൂർവാധികം ശക്തിയോടെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് കെ.എസ്.കെ.ടി.യു ചാവക്കാട് തഹസിൽദാർ, വെങ്കിടങ്ങ് വില്ലേജ് ഓഫീസർ, വെങ്കിടങ്ങ് പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.വി. ഹരിദാസൻ, ലോക്കൽ സെക്രട്ടറി കെ.കെ. ബാബു, കെ.വി. മനോഹരൻ, പി.എ. രമേശൻ എന്നിവർ ചൊവ്വാഴ്ച്ച നികത്തിയ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഏനാമാക്കലിൽ പുഴ നികത്തുന്നത് അടിയന്തരമായി തടയാൻ അധികൃതർ തയ്യാറാകണം. ഈ ആവശ്യമുന്നയിച്ച് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകും.
-പി.എ. രമേശൻ
(ഏരിയ സെക്രട്ടറി
കെ.എസ്.കെ.ടി.യു മണലൂർ)