1
വാഴാനിയിൽ ആനയിറങ്ങിയ പ്രദേശങ്ങൾ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സന്ദർശിക്കുന്നു.

വടക്കാഞ്ചേരി: കാട്ടാനക്കൂട്ടം നാശമുണ്ടാക്കിയ വാഴാനി ഡാമിനോട് ചേർന്ന ജനവാസ മേഖലയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സന്ദർശിച്ചു. മേഖലയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കാട്ടാനശല്യം ഉണ്ടായതിനെത്തുടർന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വന സംരക്ഷണ സമിതി അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചിരുന്നു. വാഴാനി-പീച്ചി വനമേഖലകളെ വേർതിരിക്കുന്ന കുതിരാൻ മേഖലയിൽ സോളാർ ഫെൻസ് സ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ഏപ്രിൽ മാസത്തിലെ യോഗത്തിന്റെ തീരുമാന പ്രകാരം തയ്യാറാക്കി അംഗീകാരം നേടിയിട്ടുണ്ട്.
കാട്ടാനശല്യം വർദ്ധിച്ച സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ബോധവത്കരണ പരിപാടികൾ നടത്തുമെന്നും വനംവകുപ്പും വന സംരക്ഷണ സമിതികളും ഇതിന് നേതൃത്വം നൽകണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. ജനവാസ മേഖലകളിലിറങ്ങുന്ന ആനകളെ വനത്തിലേക്ക് തിരിച്ചയയ്ക്കുന്നതിനായി ആർ.ആർ.ടി രൂപീകരിച്ചിട്ടുണ്ട്. ഈ ടീമിന്റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം മറ്റന്നാൾ വാഴാനി സന്ദർശിക്കും. ആനകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെടുന്ന പക്ഷം ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പറുകൾ: 04884-232003, 8547601630.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, തെക്കുംകര പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം ഷൈനി ജേക്കബ്, എ.കെ. സുരേന്ദ്രൻ, വി.ജി. സുരേഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കാട്ടാന ശല്യം പ്രകടമാകുന്ന പ്രദേശങ്ങളിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വന സംരക്ഷണ സമിതി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഗ്രാമസഭകൾ അടിയന്തരമായി വിളിച്ചു ചേർത്ത് ബോധവത്കരണ പരിപാടികൾ നടത്തണം. ബന്ധപ്പെട്ട വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തല ജാഗ്രതാ സമിതികൾ രൂപീകരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം.
-സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ.