 
തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടേത് വർഗീയ ഫാസിസ്റ്റ് നയങ്ങളാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവ സങ്കൽപ്പ് പദയാത്ര സംഘടിപ്പിക്കും. 14ന് രാവിലെ ഒമ്പതിന് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഗാന്ധിജി താമസിച്ച പുറനാട്ടുകര ആശ്രമത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ നിന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നയിക്കുന്ന പദയാത്ര ആരംഭിക്കും.
ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ദേശീയപതാകയേന്തി കടന്നുവരുന്ന പദയാത്ര ക്വിറ്റ് ഇന്ത്യ സമരത്തിന് സാക്ഷിയായ തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പദയാത്ര സംഗമം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ ഒമ്പതിന് ജില്ലയിലെ 110 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ നയിക്കുന്ന നവ സങ്കൽപ് പദയാത്ര ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും ദേശീയ പതാകയുമായി പര്യടനം നടത്തും.
എൽ.ഡി.എഫ് ഇൻകംടാക്സ് ഓഫീസ് ധർണ ഇന്ന്
തൃശൂർ: നിത്യോപയോഗ സാധനങ്ങൾക്ക് മുകളിൽ ജി.എസ്.ടി ചുമത്താനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ ഇന്ന് രാവിലെ പത്തിന് തൃശൂർ ഇൻകംടാക്സ് ഓഫീസിന് മുമ്പിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രകടനം തെക്കെ ഗോപുരനടയിൽ നിന്ന് ആരംഭിക്കും.