ചാലക്കുടി: ചാലക്കുടിയിൽ ആധുനിക മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികൾക്കായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മീറ്റ് പ്രൊഡക്ട്‌സ് ഒഫ് ഇന്ത്യ മുൻ എം.ഡിയും ഗവ. കൺസൾട്ടന്റുമായ ഡോ.മോഹന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലെത്തെത്തി. മാർക്കറ്റും പരിസരവും സംഘം വിശദമായി പരിശോധിച്ചു.
അറവുശാലയും മത്സ്യ, മാംസ പച്ചക്കറി മാർക്കറ്റുകൾ, മാലിന്യ നിർമ്മാർജ്ജന സംവിധാനം എന്നിവ ശാസ്ത്രീയമായി നവീകരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. നിലവിലെ കെട്ടിടങ്ങൾ പരിശോധിച്ച് ബലക്ഷയമുള്ളവ പൊളിച്ചുനീക്കി, പുതിയത് നിർമ്മിക്കൽ എന്നിവയ പദ്ധതിയുടെ ഭാഗമാകും. സർക്കാരിന്റെ ഗ്രാന്റും വായ്പയും ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ.
നഗരസഭ ചെയർമാൻ എബി ജോർജ്, വൈസ് ചെയർമാൻ സിന്ധു ലോജു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ.സണ്ണി ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്. ചിറയത്ത്, നിത പോൾ, കെ.വി. പോൾ, എം.എം. അനിൽകുമാർ, പ്രതിപക്ഷ ലീഡർ സി.എസ്. സുരേഷ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, എൻജിനിയർ അശോക് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ജോൺ ദേവസ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.