ചെറുതുരുത്തി: സമ്മാനം കിട്ടിയ സൈക്കിൾ വേണ്ടെന്നുവച്ച് അതിന്റെ പണം വാങ്ങി അച്ഛന്റെ കൂട്ടുകാരന്റെ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് നൽകിയ കൊച്ചുമിടുക്കി ദേവികയുടെ വീട്ടിലെത്തി അഭിനന്ദിച്ച് ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിന്ദുലാലും സംഘവും.
പൈങ്കുളം പുത്തൻപുരയിൽ രാജന്റെയും ചിത്രയുടേയും മകളായ ദേവികയ്ക്ക് സൈക്കിൾ ഒരു സ്വപ്നമായിരുന്നു. രണ്ടുകിലോമീറ്ററോളം നടന്ന് പിന്നീട് ബസ് കയറി വേണം ചേലക്കര ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെത്താൻ. സൈക്കിൾ വേണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ മൂലം മാതാപിതാക്കൾക്കത് സാധിച്ചുകൊടുക്കാനായിരുന്നില്ല. ഇതിനിടെ തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബാഗിനൊപ്പം ലഭിച്ച നറുക്കെടുപ്പ് കൂപ്പണിൽ ദേവികയ്ക്ക് സമ്മാനമുണ്ടായിരുന്നു. സൈക്കിളായിരുന്നു സമ്മാനമെങ്കിലും അത് വാങ്ങാൻ ദേവിക തയ്യാറായില്ല. പകരം അതിന്റെ പണം വേണമെന്നായി. ആ തുക അച്ഛന്റെ കൂട്ടുകാരന്റെ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് നൽകാനായിരുന്നു ദേവികയുടെ തീരുമാനം. ഇതുകേട്ട അദ്ധ്യാപകരും മറ്റുള്ളവരും ദേവികയുടെ നല്ല മനസിനെ അഭിനന്ദിച്ചു. സൈക്കിളിന്റെ തുക അടുത്ത ദിവസം തന്നെ അച്ഛന്റെ കൂട്ടുകാരന് കൈമാറുകയും ചെയ്തു. ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എൽ.എ. ഫൈസലും എം. ശ്രീദീപും ഈ വിവരം സ്റ്റേഷനിൽ അറിയിച്ചതോടെ കൊച്ചുർമിടുക്കിയുടെ സന്മസിനും സത്പ്രവൃത്തിക്കും അനുമാദനവുമായി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിന്ദുലാലും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഇ.വി. സുഭാഷും ദേവികയുടെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.