കൊരട്ടി: കൊരട്ടി സെന്ററിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കൊരട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി റോഡിൽ വഞ്ചിയിറക്കി പ്രതിഷേധിച്ചു. ദിവസേന നൂറുകണക്കിന് യാത്രക്കാർ കടന്നുപോവുന്ന കൊരട്ടി സെന്ററിൽ രണ്ട് മാസത്തിൽ അധികമായി വെള്ളക്കെട്ട് തുടരുകയാണ്. നൂറുകണക്കിന് തൊഴിലാളികൾ ഉള്ള കിൻഫ്രയിലേക്കും ഇൻഫോ പാർക്കിലേക്കും മൂന്ന് സ്‌കൂളുകളിലേക്കും വ്യപാര സ്ഥാപനങ്ങളിലേക്കും ആളുകൾ കടന്ന് പോവുന്ന കൊരട്ടി ജംഗ്ഷനിലാണ് ജനങ്ങൾക്ക് ഭീഷണിയായി വെള്ളക്കെട്ടുള്ളത്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരം ജില്ലാ വൈസ് പ്രസിഡന്റ് പി.വി. വിവേക് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എം.എസ്. സുനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ, ലോക്കൽ സെക്രട്ടറി എം.കെ. സുഭാഷ്, പി.സി.സജിത്ത്, കെ.എസ്. സുനോജ്, ടി.ആർ. രഞ്ജു എന്നിവർ സംസാരിച്ചു.