ksrtc
കെ.എസ്.ആർ.ടി.സിയിൽ യാത്ര പുറപ്പെടുന്ന എക്‌സൈസ് സംഘം

തൃശൂർ: കെ.എസ്.ആർ.ടി.സിക്ക് വരുമാനമുണ്ടാക്കാൻ എക്‌സൈസും. ഔദ്യോഗികമായ യാത്ര സ്വകാര്യ ബസിൽ നിന്ന് ഒഴിവാക്കിയാണ് കെ.എസ്.ആർ.ടി.സി ബസിലാക്കിയത്. എക്‌സൈസ് അക്കാഡമിയിൽ ആരംഭിച്ച കെ.എസ്.ബി.സി ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിയിലേക്ക് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്താണ് എക്‌സൈസ് വകുപ്പ് മാതൃകയായത്. ഇതിനായി 14,160 രൂപ കെ.എസ്.ആർ.ടി.സി യിൽ എക്‌സൈസ് വകുപ്പ് നൽകി.

പരിശീലനത്തിന്റെ ഭാഗമായി പാലക്കാട് കഞ്ചിക്കോടുള്ള യുണൈറ്റഡ് ബ്രൂവറിയിലേക്കാണ് ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തത്. കെ.എസ്.ആർ.ടി.സിയുടെ ഉന്നമനവും കൂടി ലക്ഷ്യമിട്ടാണ് യാത്ര ഈവിധമാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ഇൻ സർവീസ് ട്രെയിനിംഗിൽ, കോർപറേഷനിലെ സീനിയർ അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് ബിവറേജ് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലുള്ള 55 ഉദ്യോഗസ്ഥരാണ് 32 പ്രവൃത്തി ദിവസത്തെ ട്രെയിനിംഗ് പൂർത്തിയാക്കിയത്. ട്രെയിനിംഗ് ഉദ്യോഗസ്ഥർക്ക് അക്കൗണ്ടിംഗ്, അക്കൗണ്ടിംഗ സോഫ്ട്‌വെയർ, ടാലി എന്നീ വിഷയങ്ങളിൽ പ്രാഗൽഭ്യം ലഭിച്ചിട്ടുള്ള വിദഗ്ദരായ അദ്ധാപകരാണ് ക്ലാസ്സുകൾ നയിച്ചത്.

കൂടാതെ ഉദ്യോഗസ്ഥർക്ക് ഫിസിക്കൽ എക്‌സർസൈസ്, യോഗ മുതലായ വിഷയങ്ങളിൽ പരിശീലനവും, മാനസിക സംഘർഷം കുറയ്ക്കുന്നതിനുള്ള ക്ലാസുകളും നൽകി. തസ്തികയിൽ പ്രമോഷൻ ലഭിക്കുന്നതിന് ട്രെയിനിംഗ് വിജയകരമായി പൂർത്തീകരിക്കേണ്ടതുണ്ട്. എക്‌സൈസ് അക്കാഡമി പ്രിൻസിപ്പൽ കെ.കെ. അനിൽകുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.