തൃശൂർ: ബിനാമി നിക്ഷേപം നടത്തിയതിന്റെ അടക്കമുള്ള രേഖകൾ കണ്ടെത്തുന്നതിനായി കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ (ഇ.ഡി) റെയ്ഡ്. ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്റെ വീട്ടിൽ നിന്ന് ഭൂമിയുടെ ആധാരങ്ങളും കരുവന്നൂർ ബാങ്കിൽ നിന്ന് ചില ഫയലുകളും രേഖകളും കണ്ടെടുത്തതായാണ് വിവരം.

കൊച്ചിയിൽ നിന്നെത്തിയ സംഘം രാവിലെ എട്ടോടെയാണ് സി.ആർ.പി.എഫ് കാവലിൽ പരിശോധന ആരംഭിച്ചത്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, ബാങ്ക് അംഗമായിരുന്ന കിരൺ, ബാങ്കിന്റെ മുൻ റബ്‌കോ കമ്മിഷൻ ഏജന്റ് ബിജോയ് തുടങ്ങിയ പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തി.

എ.സി.പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതികളുടെ വീട്ടിൽ പെട്ടെന്ന് റെയ്ഡ് നടത്താൻ തീരുമാനിച്ചത്. 75ഓളം ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയിരുന്നു.

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നേരത്തെ ഇ.ഡി ബാങ്കിലെത്തി രേഖകൾ പരിശോധിച്ചിരുന്നു. അതിനുശേഷം കാര്യമായ ഇടപെടൽ ഉണ്ടായിരുന്നില്ല. ലക്ഷങ്ങൾ നിക്ഷേപം നടത്തിയവർക്ക് ചികിത്സയ്ക്കു പോലും പണം ലഭിക്കാത്തത് വലിയ വിവാദമായതിന് പിന്നാലെയാണ് ഇ.ഡിയുടെ മിന്നൽ റെയ്ഡ് ഉണ്ടായത്. കേസ് സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിൽ നിന്ന് ആരായുമെന്നാണ് അറിയുന്നത്.

227 കോടി രൂപയുടെ തട്ടിപ്പും ക്രമക്കേടുമാണ് സി.പി.എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ ഉണ്ടായതെന്നാണ് സഹകരണവകുപ്പിലെ ഉന്നതതല സമിതിയുടെ കണ്ടെത്തൽ. അഴിമതിയെക്കുറിച്ച് സൂചന കിട്ടിയപ്പോൾ ബാങ്കിലെ സംശയാസ്പദമായ ഫയലുകൾ അലമാരയിലാക്കി സൂക്ഷിച്ചിരുന്നു. ഈ ഫയലുകളാണ് പിന്നീട് സഹകരണ അന്വേഷണ സംഘത്തിന് കൈമാറിയത്.

കരുവന്നൂർ സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ട് ഒരു വർഷമായെങ്കിലും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കണ്ടെത്തിയതിനേക്കാൾ കൂടുതൽ പണത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മുഖ്യ പരാതിക്കാരനായ എം.വി. സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻ ഭരണസമിതിക്കും ഇതിൽ പങ്കുണ്ട്. വിദേശത്തേക്ക് പണം കടത്തിയെന്നത് അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും കൂടുതൽ പേരെ പ്രതി ചേർക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.