ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ, പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷേത്ര പരിസരത്ത് തെരുവ് നായ ശല്യം വർദ്ധിച്ച് വരികയും ദർശനത്തിനെത്തുന്നവരെ കടിച്ച് പരിക്കേൽപ്പിച്ച സംഭവം ഉണ്ടായ പശ്ചാത്തലത്തിലുമാണ് തീരുമാനം. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ നായ്ക്കളെ പിടികൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തുവച്ച് ഭക്തർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരുൽസാഹപ്പെടുത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം ക്ഷേത്ര ദർശനത്തിനെത്തിയ എട്ട് പേരെ തെരുവ് നായ കടിച്ചിരുന്നു. ഇവരെ കടിച്ച് നായയ്ക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ ദേവസ്വം യോഗം അടിയന്തരമായി വിളിച്ചു ചേർത്തത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഗുരുവായൂർ നഗരസഭ സെക്രട്ടറി ബീന എസ്.കുമാർ, എ.സി.പി: കെ.ജി. സുരേഷ്, സി.ഐ: സി. പ്രേമാനന്ദ കൃഷ്ണൻ എന്നിവരും ദേവസ്വത്തിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.