വടക്കാഞ്ചേരി: മഴക്കാലത്തെ റോഡിലെ കുഴികൾ എളുപ്പം അടയ്ക്കാനായി ബിറ്റ്‌സിവാഗൻ നിർമ്മിച്ചിരിക്കുകയാണ് തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അവസാനവർഷ വിദ്യാർത്ഥികൾ. ടാർ അടക്കമുള്ളതോ മണ്ണോ ആദ്യം വാഗണിൽ നിറച്ച് മിക്‌സ് ചെയ്തതിന് ശേഷം റോഡിലെ കുഴിക്ക് മുകളിൽ യന്ത്രത്തെ എത്തിച്ച് കുഴിയിലേക്ക് ടാർ മിശ്രിതം നിറയ്ക്കുന്നു. ഇതിനുശേഷം യന്ത്രത്തിന്റെ മൂന്ന് വീലുകൾ ഉപയോഗിച്ച് മിശ്രിതത്തെ കുഴിയിൽ ഉറപ്പിക്കുന്നു. ഈ മൂന്ന് വീലുകൾ ഉപയോഗിച്ചാണ് യന്ത്രത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക. ഒരാൾക്ക് സ്വന്തമായി ഏളുപ്പത്തിൽ റോഡിലെ കുഴികളടക്കാൻ ജിപ്‌സി വാഗനെ ഉപയോഗിക്കാം. വാഗനിൽ മിശ്രിതത്തിന്റെ അളവ് ക്രമീകരിക്കാനും സംവിധാനമുണ്ട്. വളരെ ഏളുപ്പത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ കുഴികളയ്ടക്കാൻ യന്ത്രം സഹായകമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മെക്കാനിക്കൽ വിദ്യാർത്ഥികളായ ഒളരി സ്വദേശി രാഹുൽ വി. നായർ, മുണ്ടൂർ സ്വദേശി രജിൽ ആന്റണി, വേലൂർ സ്വദേശി പി. സെൻജിത്ത് എന്നിവരാണ് ബി.ടെക് പ്രൊജക്ടിന്റെ ഭാഗമായി യന്ത്രം വികസിപ്പിച്ചത്. മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ വിഷ്ണു ഷാജി, അനിൽ പോൾ എന്നിവരാണ് പ്രൊജക്ട്് ഗൈഡ് ചെയ്തത്.