പാവറട്ടി: അഞ്ചു മക്കളുണ്ടെങ്കിലും ആരും പരിചരിക്കാനില്ലാതെ വന്ന വൃദ്ധ ദമ്പതികളെ ഈ മാസം 14 നുള്ളിൽ സാമൂഹികനീതി വകുപ്പിന്റെ വൃദ്ധസദനത്തിൽ പ്രവേശിപ്പിക്കാൻ പാവറട്ടി പഞ്ചായത്തിന്റെ തീരുമാനം. പുതുമനശ്ശേരി സ്വദേശി പൊന്നോത്ത് ഗോപിനായർ (82), ഭാര്യ തലശ്ശേരി മുള്ളൂർ വീട്ടിൽ രേവതി (62) എന്നിവർക്കാണ് സാമൂഹിക നീതി വകുപ്പ് അഭയമൊരുക്കുക. ഗോപി നായരുടെ ആദ്യഭാര്യ അരീക്കര പത്മിനി മരണപെട്ട ശേഷം 30 വർഷം മുമ്പാണ് രേവതിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ളതാണ് അഞ്ച് മക്കളും. മൂന്ന് പെണ്ണും രണ്ട് ആണും. രേവതിയിൽ മക്കളില്ല. പത്ത് വർഷമായി രേവതി തളർവാദം പിടിച്ച് കിടപ്പിലാണ്. ഗോപി നായരുടെ രണ്ട് കണ്ണുകളുടെയും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇരുവരും നിത്യരോഗികളാണ്. മരുന്നിന് മാത്രമായി രണ്ടായിരം രൂപയ്ക്ക് മേൽ ഇവർക്ക് മാസം തോറും ചെലവ് വരുന്നുണ്ട്. ഇരുവർക്കും കിട്ടുന്ന സർക്കാറിന്റെ ക്ഷേമ പെൻഷനുകൾ മാത്രമാണ് ഏക ആശ്രയം. അയൽവാസികളായ മരുതോ വീട്ടിൽ ബിന്ദു വിജയനും അമ്പലത്തിങ്ങൽ അംബിക കുമാരനും ചേർന്ന് താങ്ങിയെടുത്താണ് രേവതിയെ കക്കൂസിലേക്കും കുളിമുറിയിലേക്കും കൊണ്ടുപോകുന്നതും അവരുടെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നതും. ഇരുവരെയും ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും പലചരക്ക് സാധങ്ങളും മരുന്നുൾപ്പടെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുന്നതും പൊതുപ്രവർത്തകനായ പി.വി. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്. മാതാപിതാക്കളുടെ സംരക്ഷണമേറ്റെടുക്കാൻ പലതവണ മക്കളെ ബന്ധപ്പെട്ടെങ്കിലും ആരും തയ്യാറായില്ലെന്ന് പതിനഞ്ചാം വാർഡ് അംഗം സിബി ജോൺസൺ പറഞ്ഞു. ഇരുവരും ഇനിയും ഒറ്റയ്ക്ക് താമസിച്ചാൽ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ പറഞ്ഞു.