ചേലക്കര: സഹപ്രവർത്തകയെ സഹായിക്കാൻ ലൈബ്രേറിയൻമാർക്കൊപ്പം ഗ്രന്ഥശാലാ പ്രവർത്തകർ മുന്നിട്ടിറങ്ങിയപ്പോൾ ചികിത്സാ ചെലവ് താങ്ങാനാകാതെ മനോവിഷമത്തിലാണ്ട ബിന്ദുവിന് ഒരാശ്വാസമായി. കിള്ളിമംഗലം വായനശാലയിലെ വനിതാ ലൈബ്രേറിയനാണ് ബിന്ദു. കാൻസർ ബാധിച്ച് കീമോതെറാപ്പി ചെയ്തു വരികയാണ്. ഇതിനിടയിൽ അടുത്തടുത്ത ദിവസങ്ങളിലായി അമ്മയും ഭർത്താവും മരണമടഞ്ഞു. വിദ്യാർത്ഥികളായ രണ്ടു മക്കൾ മാത്രമാണ് ആശ്രയത്തിനുള്ളത്. ലൈബ്രേറിയൻ അലവൻസ് മാത്രമാണ് ബിന്ദുവിന്റെ ഏക വരുമാനം. ചികിത്സാ ചെലവിനു തന്നെ നല്ലൊരു തുക വേണം. ബിന്ദുവിന്റെ സ്ഥിതി ശ്രദ്ധയിൽപ്പെട്ട തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതിയാണ് സഹപ്രവർത്തകയെ സഹായിക്കാൻ എത്രയും പെട്ടന്ന് കഴിയുന്ന തുക സമാഹരിക്കാൻ ആഹ്വാനം ചെയ്തത്. ഒറ്റമനസോടെ താലൂക്കിലെ അമ്പതു ലൈബ്രറികളിലേയും ഭാരവാഹികളും ലൈബ്രേറിയൻമാരും ഒരാഴ്ചകൊണ്ടു തന്നെ തങ്ങളിൽ കഴിയാവുന്ന തുക സമാഹരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലൈബ്രറി കൗൺസിൽ തലപ്പിള്ളി താലൂക്ക് സെക്രട്ടറി ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് വി. മുരളി, കേരള സ്റ്റേറ്റ് ലൈബ്രറിയൻസ് യൂണിയൻ തലപ്പിള്ളി താലൂക്ക് സെക്രട്ടറി ഉഷാദേവി എന്നിവർ സമാഹാരിച്ച തുകയുടെ ചെക്കുമായി കിള്ളിമംഗലത്ത് ബിന്ദുവിന്റെ വീട്ടിൽ എത്തി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് ഏറ്റുവാങ്ങി ബിന്ദുവിന് കൈമാറി. ചികിത്സാ ചെലവിനും മറ്റുമായി വരുന്ന ഭീമമായ തുകയിലേക്ക് ചെറുതെങ്കിലും തങ്ങളുടേതായ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് വായനശാല പ്രവർത്തകർ. ഒപ്പം തന്നെ ഇനിയും സുമനസ്സുകളുടെ കൈത്താങ്ങ് ബിന്ദുവിന് ലഭിക്കുമെന്ന പ്രതീക്ഷയും.