മാള: അന്നമനട, പാലിശ്ശേരി, മാമ്പ്ര, എരയാംകുടി മേഖലകളിലുണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച ജാതി കർഷകർക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് അന്നമനട ഫാർമർ പ്രൊഡൂർ കമ്പനി ചെയർമാൻ ഇ.എം. ഷിലിൻ ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിൽ ഏകദേശം 50ലധികം ജാതി മരങ്ങൾ ഇവിടെ കടപുഴകിയിരുന്നു. 25 മുതൽ 50 വർഷം പ്രായമായ മരങ്ങളാണ് നഷ്ടപ്പെട്ടതിൽ ഏറെയും. ജാതിക്കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾ ഇതോടെ പട്ടിണിയിലാകും. നാശനഷ്ടം സംഭവിച്ച ഉടമകൾക്ക് ഇതുവരെ യാതൊരു തരത്തിലുള്ള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും ഇ.എം. ഷിലിൻ പറഞ്ഞു.