തിരുവില്വാമല: തിരുവില്വാമലയിലും പരിസര പ്രദേശങ്ങളിലുമുള്ള പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ ഉടമസ്ഥരെ കണ്ടെത്തി അവർക്ക് നോട്ടീസ് നൽകാൻ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കാലികളെ സംരക്ഷിക്കാൻ ഗോശാല തുടങ്ങാനും പഞ്ചായത്ത് ആലോചനയുണ്ട്. ഗോശാല നിർമ്മിക്കുന്നതിനായി ദേവസ്വത്തിന്റെ സ്ഥലം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് കത്ത് നൽകും. തൊഴിലുറപ്പ് പദ്ധതിയിലൂടെ കന്നുകാലികളുടെ ഉടമസ്ഥന്മാർക്ക് ആവശ്യമെങ്കിൽ തൊഴുത്ത് നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം ചെയ്തുകൊടുക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലികളുടെ ഉടമസ്ഥന്മാരെ കണ്ടെത്തി അവർക്ക് നോട്ടീസ് നൽകും. പതിനഞ്ച് ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ മേൽ നടപടികൾ സ്വീകരിക്കും എന്ന നിലപാട് വെളിപ്പെടുത്തിയാണ് കത്ത് നൽകുന്നത്. ഇതിനിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണന്ന് അറിയിച്ചുകൊണ്ട് ചില ഏജൻസികൾ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. അവരുടെ വിശ്വാസ്യത അന്വേഷിച്ചറിയുന്നതിനും ശേഷം നടപടി എടുക്കുവാനും യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പരിധിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ഇത് രണ്ടാം തവണയാണ് യോഗം ചേരുന്നത്. ഈ വിഷയത്തിൽ മുമ്പ് പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചു ചേർത്ത് എല്ലാ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അഭിപ്രായങ്ങൾ തേടിയിരുന്നു. ഒരു വിഭാഗത്തിന്റേയും എതിർപ്പുകൾ ഇല്ലാതെ വിഷയം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണാധികാരികൾ.