karuvannoor-bank

തൃശൂർ: കരുവന്നൂരടക്കമുള്ള തൃശൂരിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ പ്രതിരോധത്തിലാക്കിയതോടെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചെന്ന് സൂചന. ജില്ലാ കമ്മിറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഏതാനും ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പാർട്ടിയുടെ ഇടപെടൽ.

അതിനിടെ കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ വായ്‌പ്പാതട്ടിപ്പുകളുടെ രേഖകൾ അടക്കം ഇ.ഡി കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉടൻ നടപടിയുണ്ടായേക്കാമെന്നാണ് വിവരം. ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ ബാങ്കുകളുടെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കാനാണ് പാർട്ടി തീരുമാനം. കരുവന്നൂരിൽ ചികിത്സാച്ചെലവ് കിട്ടാതെ നിക്ഷേപക ഫിലോമിന മരിച്ച സംഭവം കോൺഗ്രസും ബി.ജെ.പിയും മുതലെടുത്തുവെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. സഹകരണ ബാങ്കുകൾക്കെതിരെ നിരവധി പരാതികളാണ് ഇപ്പോഴുമുള്ളത്.

കഴിഞ്ഞദിവസം കേസിലെ പ്രതികളും മുൻ ഭരണസമിതി അംഗങ്ങളും പാർട്ടി ജില്ലാ നേതൃത്വവും കരുവന്നൂർ വിഷയത്തിൽ പരസ്യമായി രംഗത്തുവന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ. ചന്ദ്രൻ കരുവന്നൂർ കേസിൽ കുറ്റക്കാരനാണെന്നും പാർട്ടി ശിക്ഷാനടപടി സ്വീകരിച്ചെന്നും ജില്ലാസെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ സി.പി.എം നേതൃത്വത്തിലുള്ള ബാങ്ക് മുൻ ഭരണസമിതിയും പ്രസിഡന്റുമാണ് തട്ടിപ്പിന് ഉത്തരവാദികളെന്നായിരുന്നു സി.കെ. ചന്ദ്രന്റെ മറുപടി.

പ്രതികളുടെ കുടുംബാംഗങ്ങളുടെ പരസ്യ പ്രതികരണവും സി.പി.എമ്മിന് പ്രതിസന്ധിയുണ്ടാക്കി.