കയ്പമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡിലെ
കയ്പമംഗലം: ഉദ്ഘാടനം കഴിഞ്ഞ് നാളുകളായിട്ടും ഒമ്പതാം വാർഡിലെ ആരോഗ്യ ഉപകേന്ദ്രത്തിന് ഇപ്പോഴും ശനിദശ മാറുന്നില്ല. ആറുമാസം മുമ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നടത്തിയ കേന്ദ്രം എന്ന് തുറക്കുമെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. കനോലി കനാലിനോട് ചേർന്ന പ്രദേശത്ത് കൂലിപ്പണിക്കാരും പട്ടികജാതിക്കാരുമായ ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. പഞ്ചായത്തിലെ ഏക കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത് അഞ്ച് കിലോമീറ്റർ അകലെയുള്ള കൂരിക്കുഴിയിലാണ്. മറ്റൊരു സർക്കാർ ആശുപത്രിയുള്ളത് അടുത്ത പഞ്ചായത്തായ പെരിഞ്ഞനത്തെ കുറ്റിലക്കടവിലാണ്.
ഏകദേശം പതിനഞ്ചു വർഷം മുമ്പാണ് പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ ആരോഗ്യ ഉപകേന്ദ്രം വേണമെന്ന ആവശ്യം ഉയർന്നത്. സ്ഥലം ഇല്ലെന്ന കാരണത്താൽ പദ്ധതി നീണ്ടുപോകുന്നതിനിടെ കോഴിക്കാട്ടിൽ മുഹമ്മദ് എന്ന വ്യക്തി പഞ്ചായത്തിന് കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകുകയായിരുന്നു. എട്ടു വർഷം മുമ്പ് ഭൂമി രജിസ്റ്റർ ചെയ്തെങ്കിലും അന്നത്തെ ഭരണസമിതിയും തുടർന്നുവന്ന ഭരണസമിതിയും യാതൊരു നടപടിയും കൈക്കൊണ്ടില്ല.
നിലവിലുള്ള ഭരണസമിതിയുടെ കാലത്താണ് കെട്ടിടം പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. ലാൽ ബഹാദൂർ ശാസ്ത്രി കോളനി നിവാസികൾ ഉൾപ്പെടെ ഒട്ടേറെ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഇവിടെ വെള്ളക്കെട്ടും അതിനെ തുടർന്നുള്ള സാംക്രമിക രോഗങ്ങളും പതിവാണ്. തൊട്ടടുത്ത് ഇത്തരമൊരു സ്ഥാപനമുണ്ടായിട്ടും രോഗികളെയും വഹിച്ച് അകലെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ ജനങ്ങൾ. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂരിക്കുഴിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പോലും വേണ്ടത്ര ഡോക്ടർമാരെ ലഭിക്കാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് ഒമ്പതാം വാർഡിലെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ തുടങ്ങാൻ കഴിയാത്തത്.
ശോഭന രവി
പഞ്ചായത്ത് പ്രസിഡന്റ്