1

കാക്കിനിക്കാട് ട്രൈബൽ കോളനിയിൽ നടന്ന ഊരുകൂട്ടം പരിപാടി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് പട്ടിക വർഗ, വികസന വകുപ്പിനു കീഴിൽ 'മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം' എന്ന മുദ്രാവാക്യമുയർത്തി വാരാചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വാഴാനി കാക്കിനിക്കാട് ട്രൈബൽ കോളനിയിൽ പ്രത്യേക ഊരുകൂട്ടം ചേർന്നു. സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ അനിലൻ ഭദ്രദീപം കൊളുത്തി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ ഷെമീന, പീച്ചി റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എം.എ. അനീഷ്, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ. ശ്രീജ, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.സി. സജീന്ദ്രൻ, പഞ്ചായത്ത് അംഗം ഷൈനി ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി ടി. അരുൺ ജോൺ, എസ്.ടി പ്രമോട്ടർ കെ. സരിത, സംസ്ഥാന നിർമ്മിതി കേന്ദ്രം പ്രതിനിധി സതീദേവി തുടങ്ങിയവർ സംസാരിച്ചു. പട്ടിക വർഗ വികസന വകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കാക്കിനിക്കാട് കോളനിയുടെ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. കോളനി നിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഡി.പി.ആർ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് ചുമതല. കോളനി നിവാസികൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തണമെന്ന് എം.എൽ.എ പറഞ്ഞു. തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ കോളനിയിയിലെ എല്ലാ വീടുകളിലും സന്ദർശനം നടത്തി.