 
വാഴാനിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുന്നു.
വടക്കാഞ്ചേരി: വാഴാനി ജനവാസ മേഖലയിലേക്ക് കാട്ടാനകൾ തുടർച്ചയായി ഇറങ്ങി ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതികളുടേയും റാപിഡ് റെസ്‌പോൺസ് ടീമിന്റേയും പ്രവർത്തനം ഊർജിതമാക്കുന്നതിനായി വാർഡ്തല യോഗങ്ങൾ ചേരും. സേവ്യർ ചിറ്റിലപ്പിിള്ളി എം.എൽ.എയുടെയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെയും നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. കാട്ടാന ശല്യം അനുഭവപ്പെടുന്ന തെക്കുംകര പഞ്ചായത്തിലെ 2, 3, 4, 8, 9 വാർഡുകളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തുകൊണ്ട് യോഗം ചേരും. ജാഗ്രതാ നിർദ്ദേശങ്ങളുടെ പ്രചരണം ഊർജിതമാക്കും. കൂട്ടായ ശ്രമത്തിലൂടെ കനത്ത ജാഗ്രതയിലൂടെ ഈ പ്രശ്‌നത്തെ നേരിടാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. നിലവിൽ കൃഷി നാശം സംഭവിച്ചവരുടെ വിവരശേഖരണം നടത്തി നഷ്ടപരിഹാരം നൽകാൻ നടപടികളും കാട്ടാന ശല്യമുള്ള മേഖലയിലെ കൃഷി ഇൻഷ്വർ ചെയ്യാനുള്ള നടപടികളും സ്വീകരിക്കണമെന്നും പറഞ്ഞു.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി-സേലം ഹൈവേയിൽ കുതിരാൻ ടണൽ തുറന്നതിന്റെ ഭാഗമായി കാട്ടാനകൾക്ക് യഥേഷ്ടം പീച്ചി വനമേഖലയിൽ നിന്നും വാഴാനിയിലേക്ക് സഞ്ചരിക്കാൻ അവസരമുണ്ടായിട്ടുണ്ട്. ഇങ്ങനെയെത്തുന്ന കാട്ടാനകൾ രാത്രികാലങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങുകയും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയും കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്തിരുന്നു.
പീച്ചി വനമേഖലയിൽ നിന്നും കാട്ടാനകൾ വാഴാനിയിലേക്ക് കടക്കുന്നത് തടയുന്നതിനായി സോളാർ വേലികൾ സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും പ്രത്യേക വാച്ചർമാരുടെ സേവനം വാഴാനിയിൽ ഉറപ്പുവരുത്തിയിട്ടുമുണ്ട്.
-സേവ്യർ ചിറ്റിലപ്പിള്ളി
(എം.എൽ.എ)