karuvannur-bank-

തൃശൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് കൊണ്ടുപോയതിൽ ഭൂരിഭാഗവും അജ്ഞാതരുടെ പേരിൽ നൂറോളം വായ്പകൾ പാസാക്കാൻ ഉപയോഗിച്ച വ്യാജരേഖകൾ അടക്കമുള്ള വായ്പാത്തട്ടിപ്പുകളുടെ കൃത്യമായ തെളിവുകൾ. രേഖകളിലെല്ലാം പേരും വിലാസവും മറ്റുവിവരങ്ങളും തെറ്റായിരുന്നു. ഭൂരിഭാഗം പേരുടെയും ഈടുവസ്തുക്കളും വ്യാജം. ഇത് അടക്കമുള്ള സംശയാസ്പദ ഇടപാടുകളുടെ പകർപ്പ് ഇ.ഡി സംഘം ശേഖരിച്ചിട്ടുണ്ട്. യഥാർത്ഥ രേഖകൾ ബാങ്കിനുള്ളിലെ മുറിയിൽ പൂട്ടി മുദ്ര വച്ചതായാണ് വിവരം.

അതേസമയം, അഞ്ച് പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത രേഖകൾ എന്താണെന്ന് വ്യക്തമല്ല. വായ്പകൾക്ക് ഈടായി സമർപ്പിച്ച ആധാരങ്ങൾ അടക്കം ഇ.ഡി മുദ്രവച്ച കൂട്ടത്തിലുണ്ടെന്നാണ് വിവരം. അതിനാൽ ബാങ്കിന്റെ ഇടപാടുകളെ ഇത് ബാധിച്ചേക്കും.

വ്യാജ പേരുകളിലെടുത്ത വായ്പകളുടെ രേഖകൾ ഇ.ഡി സൂക്ഷ്മമായി പരിശോധിക്കും. പേരും വിലാസവും വ്യാജമായി ഉണ്ടാക്കി,​ പണം പ്രതികൾ പങ്കിട്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. 50 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകളാണ് ഏറെയും. പാസാക്കിയെടുത്ത വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഡിജിറ്റൽ തെളിവുകളാണ് കൂടുതലും തേടാൻ ശ്രമിച്ചത്. ബാങ്കിന്റെ പ്രധാന ശാഖയിലും പ്രതികളുടെ വീടുകളിലും കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവയിലെ ഹാർഡ് ഡിസ്‌കും വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടു. പ്രതികളുടെ വീടുകളിൽ ബുധനാഴ്ച അർദ്ധരാത്രിയോടെ റെയ്ഡ് തീർന്നെങ്കിലും ബാങ്കിലെ പരിശോധന പുലർച്ചെ ഇന്നലെ അഞ്ചു വരെ നീണ്ടു. തട്ടിപ്പു നടന്ന കാലയളവിൽ ബാങ്കിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ പരിശോധന ഇനിയും ഉണ്ടായേക്കും. 75 പേർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തിയത്.

ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരൻ, സെക്രട്ടറി സുനിൽകുമാർ, മുൻ ശാഖാ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലെ പരിശോധന ബുധനാഴ്ച രാത്രി ഏഴോടെ അവസാനിച്ചു. റബ്‌കോ ഏജന്റായിരുന്ന ബിജോയിയുടെ വീട്ടിലെ പരിശോധന രാത്രി 10.30 വരെ നീണ്ടു.