1

ചാലക്കുടി: ഒമ്പത് ദിവസത്തെ അടച്ചിടലിനുശേഷം അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. അതിരപ്പിള്ളിയിൽ 1,100 ആളുകളാണ് വ്യാഴാഴ്ച എത്തിയത്. എന്നാൽ ഇതിന്റെ പകുതിയോളം പേർ മാത്രമാണ് വാഴച്ചാലിൽ വന്നത്. തുമ്പൂർമുഴി ഗാർഡനിൽ അറനൂറോളം പേരെത്തി. പ്രളയ ഭീതിയെ തുടർന്ന് ആഗസറ്റ് രണ്ടിനാണ് വിനോദ കേന്ദ്രങ്ങൾ അടച്ചിട്ടത്. മലക്കപ്പാറ റോഡിലൂടെയുള്ള ഗതാഗതം രണ്ടു ദിവസം മുൻപേ ആരംഭിച്ചിരുന്നു. തീവ്ര മഴയ്ക്ക് ശേഷം നൂറുകണക്കിന് സഞ്ചാരികൾ അതിരപ്പിള്ളിയിൽ എത്തിയിരുന്നു. എന്നാൽ കവാടം അടഞ്ഞു കിടന്നതിനാൽ വ്യൂ പോയിന്റിൽ നിന്ന് വെള്ളച്ചാട്ടം ആസ്വദിച്ച് ഇവർ മടങ്ങുകയായിരുന്നു.