കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളിയായ സുബിയെ കടലിൽ കാണാതായി തിരിച്ചു കിട്ടുമോയെന്ന വിഷമത്തിൽ അലമുറയിട്ടു കരയുന്ന വീട്ടുകാരോട് പണം ആവശ്യപ്പെട്ട് ചെറായി ആസ്ഥാനമായി പ്രവർത്തിക്കുന്ന കവിത ഫിനാൻസിന്റെ ക്രൂരത. പണം കിട്ടാതെ വീടിന്റെ മുറ്റത്തു നിന്നും പോകില്ലെന്ന് വാശിപിടിച്ച സ്ഥാപന ഇടപാടുകാർക്ക് ഒടുവിൽ വഞ്ചിയുടമ അരോളിൽ സബീർ പണം നൽകി. കവിത ഫിനാൻസിന്റെ ക്രൂരമായ നടപടിയിൽ തീരദേശത്ത് പ്രതിഷേധം ഉയർന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്ന കവിത മൈക്രോ ഫിനാൻസിനെ പ്രദേശത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അഴീക്കോട് - എറിയാട് മേഖലകളുടെ സംയുക്ത യോഗവും കോൺഗ്രസ് ഒന്നാം വാർഡ് കമ്മിറ്റി യോഗവും തീരുമാനിച്ചു. ഇ.വി. രമേശൻ അദ്ധ്യക്ഷനായി. അഷറഫ് പുവ്വത്തിങ്കൽ, പി.കെ. ബക്കർ, എം.ഡി. സന്തോഷ്, അസീസ് എന്നിവർ സംസാരിച്ചു. കടലിൽ കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നതിനിടെ കുടുംബത്തോട് മൈക്രോ ഫിനാൻസ് കമ്പനി നടത്തിയത് അംഗീകരിക്കാനാവിലെല്ലെന്നും കവിത ഫിനാൻസിനെതിരെ നടപടി വേണമെന്നു കോൺഗ്രസ് ഒന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.