കൊടുങ്ങല്ലൂർ: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടൽ നഗരസഭ അധികൃതർ പൂട്ടിച്ചു. ചന്തപ്പുരയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലാണ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പൂട്ടിച്ചത്. ഹോട്ടൽ ഉടമസ്ഥർ 25,000 രൂപ പിഴയടക്കാനും നോട്ടീസ് നൽകി. ഹോട്ടലിൽ നിന്നും മാലിന്യം പമ്പ് ചെയ്ത് അടുത്തുള്ള കാനവഴി തള്ളുന്നതായും കണ്ടെത്തി. ഇതേത്തുടർന്ന് അടുത്തുള്ള ജലശായത്തിൽ മാലിന്യം കലർന്നതായും കണ്ടെത്തി. നേരത്തെയും ഈ ഹോട്ടലിനെതിരെ നഗരസഭ അധികൃതർ നടപടിയെടുത്തിരുന്നു. പരിശോധനയിൽ വൃത്തിഹീനമായ സ്ഥലത്തുള്ള പാചകവും മലിന ജലം നിറഞ്ഞിരിക്കുന്ന ടാങ്കുകളും കണ്ടെത്തി. ന്യൂനതകൾ ഏഴ് ദിവസത്തിനകം പരിഹരിച്ച് വിവരം നഗരസഭയെ അറിയിക്കണമെന്നും അല്ലാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ നൽകിയ നോട്ടീസിൽ മുന്നറിയിപ്പ് നൽകി.