ഗുരുവായൂർ: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണച്ചുമതല പൊതുമരാമത്ത് വകുപ്പിന് കൈമാറും. കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ.കെ അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനു വേണ്ട എൻ.ഒ.സി നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ബന്ധപ്പെട്ട കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എത്രയും പെട്ടെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണ പ്രവർത്തനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് തൃശൂർ ലേബർ കോൺട്രാക്ട് സോസൈറ്റിക്കും എൻജിനിയറിംഗ് കോളേജിനും നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ ആർക്കിടെക്ട് വിഭാഗം യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തി. നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ച പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണത്തിന് 75 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ചാവക്കാട് എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ അസി.ഡെവലപ്‌മെന്റ് കമ്മിഷണർ പി.എൻ.അയന, കെ.എസ്.ആർ.ടി.സി അസി.ചീഫ് ഓഫീസർ (സിവിൽ എ.ഇ) ആർ. രാഖേഷ്, കെ.എസ്.ആർ.ടി.സി ജില്ലാ എ.ടി.ഒ കെ.ജെ. സുനിൽ , ഗുരുവായൂർ എ.ടി.ഒ കെ.പി. ഷിബു, ആർക്കിടെക്ട് ആൽബിൻ എഡിസൺ തുടങ്ങിയവർ പങ്കെടുത്തു.