ചാലക്കുടി: ചാലക്കുടി നഗരസഭ, ബി.എഡ് സെന്റർ നിർമ്മിക്കുന്നതിന് കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് വിട്ടുനൽകിയ ഭൂമിക്ക് പാട്ടത്തുക ഗഡുക്കളായി അടയ്ക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. മുനിസിപ്പാലിറ്റി പോട്ട ദേശീയ പാതയ്ക്കരികിലായി മൂന്നര ഏക്കറോളം ഭൂമി സർവകലാശാലയ്ക്ക് സൗജന്യമായി നൽകിയിരുന്നു.
പ്രസ്തുത ഭൂമി സർവ്വകലാശാല ഏറ്റെടുക്കുന്നതിന് സർക്കാരിനെ സമീപിച്ചപ്പോൾ 99 വർഷത്തേക്ക് പാട്ടത്തിന് നൽകാമെന്ന് അറിയിച്ചു. ഇതിനാവശ്യമായ 2 കോടിയിലധികം രൂപ പാട്ടത്തുകയായി നൽകാനാണ് ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവിൽ നിർദ്ദേശിച്ചത്. എന്നാൽ ഭീമമായ തുക നൽകാനാവില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ നഗരസഭയെ നേരത്തെ അറിയിച്ചിരുന്നു.
സർവകലാശാലയുടെ ചരിത്രത്തിൽ ഇതുവരെ പാട്ടം നൽകി ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും ചാലക്കുടിക്കാരുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നും സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി പത്രക്കുറിപ്പിൽ അറിയിച്ചു.