 
തൃശൂർ: ഔദാര്യമായല്ല, അർഹതയ്ക്കാണ് അവാർഡ് നൽകേണ്ടതെന്ന് ചലച്ചിത്ര സംവിധായകൻ കമൽ. സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവർഗക്കാരിയായ നഞ്ചിയമ്മയെ ഔദാര്യത്തിന്റെ പേരിൽ പരിഗണിക്കുമ്പോൾ അത് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അയ്യപ്പനും കോശിയും എന്ന സിനിമയിലെ പാട്ടിന് നഞ്ചിയമ്മക്ക് അംഗീകാരം അർഹിക്കുന്നുണ്ട്. പക്ഷേ ഗോത്രവർഗക്കാരി ആയതിനാൽ അംഗീകാരം നൽകുന്നത് ശരിയല്ല. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ചിലരെ മുൻപന്തിയിൽ കൊണ്ടുവരുന്നു. അവകാശങ്ങളുടെ ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. ഇത്തരം ഔദാര്യങ്ങളല്ല വേണ്ടതെന്നും കമൽ കൂട്ടിച്ചേർത്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, പി. ബാലചന്ദ്രൻ എം.എൽ.എ , നടൻ വെട്ടുകിളി പ്രകാശൻ, ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു. രണ്ട് ദിവസം നീളുന്ന മേളയിൽ ഇരുപതിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. കേരള സംഗീത നാടക അക്കാഡമി തോപ്പിൽ ഭാസി നാട്യഗൃഹത്തിലാണ് പ്രദർശനം. ഷോർട്ട് ഫിലിം, ഫീച്ചർ ഫിലിം വിഭാഗങ്ങളിൽ ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ട് മത്സര ( ഷോർട്ട് ഫിലിം / ഫീച്ചർ ഫിലിം ) വിഭാഗങ്ങളിലായി 18 അവാർഡുകൾ നൽകും. ചലച്ചിത്രമേളയുടെ സമാപന ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും.